ദേശീയ സാംക്രമികേതര രോഗ സർവേയുടെ രണ്ടാം ഘട്ടത്തിന് തുടക്കം
text_fieldsമസ്കത്ത്: ഒമാനിലെ തെരഞ്ഞെടുത്ത വീടുകളിൽ നടത്തുന്ന ദേശീയ സാംക്രമികേതര രോഗ (എൻ.സി.ഡി) സർവേയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളെ ചെറുക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് സഹായകമാകുന്ന സുപ്രധാന ആരോഗ്യ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഈ ദേശീയ സംരംഭത്തിന്റെ ലക്ഷ്യം.
രണ്ടാം ഘട്ടത്തിൽ, തെരഞ്ഞെടുത്ത ഓരോ വീട്ടിൽനിന്നും ഒരു വ്യക്തിയെ സമഗ്രമായ ആരോഗ്യ വിലയിരുത്തലിന് വിധേയമാക്കും. പങ്കെടുക്കുന്നയാൾ ഒരു ആരോഗ്യ അഭിമുഖം, ഉയരം, ഭാരം, അരക്കെട്ടിന്റെ ചുറ്റളവ്, രക്തസമ്മർദ്ദം എന്നിവയുടെ വിലയിരുത്തലുകൾ ഉൾപ്പെടുന്ന ശാരീരിക അളവുകൾക്കും വിധേയനാകും.
ഭക്ഷണത്തിനുമുമ്പുള്ള രക്തത്തിലെ പഞ്ചസാര പരിശോധന, കൊളസ്ട്രോൾ ലെവൽ പരിശോധന എന്നിവയുൾപ്പെടെ കൂടുതൽ ബയോകെമിക്കൽ പരിശോധനകൾ നടത്തുന്നതിനായി ഒരു തുടർ ഗൃഹസന്ദർശനം ഷെഡ്യൂൾ ചെയ്യും. കൂടാതെ, വിശകലനത്തിനായി മൂത്ര സാമ്പിൾ നൽകാനും പങ്കെടുക്കുന്നയാളോട് ആവശ്യപ്പെടും. തെരഞ്ഞെടുക്കപ്പെട്ട എല്ലാ വ്യക്തികളും സർവേയിൽ പൂർണമായും പങ്കെടുക്കണമെന്നും അവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നേടുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. സർവേ പ്രക്രിയയെ ചുറ്റിപ്പറ്റിയുള്ള തെറ്റായ വിവരങ്ങളും കിംവദന്തികളോ അവഗണിക്കണമെന്നും നിർദേശിച്ചു.
ഈ സംരംഭത്തിൽ പൊതുജന സഹകരണത്തിന് വളരെ അധികം പ്രാധാന്യമുണ്ടെന്ന് പറഞ്ഞ മന്ത്രാലയം, കൂട്ടായ പങ്കാളിത്തം ആരോഗ്യകരമായ ഒമാൻ കെട്ടിപ്പടുക്കുന്നതിന് കാരണമാകുമെന്നും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.