പഴമയുടെ പുതുമയുമായി മുഖംമിനുക്കി സീബ് സൂഖ്
text_fieldsസീബ്: ഇന്നത്തെ മാളുകളുടെ പഴയകാല പരിച്ഛേദങ്ങളായിരുന്നു ഒമാനിലെ സൂഖുകൾ. ഒമാെൻറ പൗരാണിക നിർമിതിയുടെ അഴക് വിളിച്ചോതുന്ന സൂഖുകൾ പോയകാല കൊടുക്കൽവാങ്ങലിെൻറ കേന്ദ്രങ്ങളാണ്. ഇന്നും നാഗരികതയുടെ കടന്നുവരവ് അനുവദിക്കാതെ പൗരാണിക ശൈലിയിൽ തലയുയർത്തിനിൽക്കുന്ന സൂഖുകൾ ഒമാനിൽ ധാരാളമായി കാണാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സീബ് സൂഖ്. നഗരമധ്യത്തിൽ തന്നെ നിലകൊള്ളുന്ന സൂഖിെൻറ പഴമ അതേപടി നിലനിർത്തി അറേബ്യൻ വാസ്തുചാരുതയിൽ മോടി കൂട്ടി നിലനിർത്താനുള്ള പണിയിലാണ് അധികൃതർ.
പഴമക്കാരുടെ ഓർമയിൽ 40 വർഷത്തിന് മുകളിലാണ് സൂഖിെൻറ പ്രായം. ഒമാെൻറ വിവിധ പ്രവിശ്യകളിൽ നിന്ന് സ്വദേശികൾ കച്ചവടത്തിനെത്തിയിരുന്ന പ്രധാന സൂഖാണ് സീബിലേത്. പ്രധാന കച്ചവട കേന്ദ്രമായ മത്രയിൽ നിന്നുപോലും ആളുകൾ സീബിൽ എത്തിയിരുന്നതായി 38 വർഷമായി സൂഖിൽ ഹലുവ വ്യാപാരം ചെയ്യുന്ന തലശ്ശേരി ഒളവിലം സ്വദേശി പവിത്രൻ പറയുന്നു. ജ്യേഷ്ഠൻ പുരുഷുവിെൻറ ഹലുവക്കടയിൽ എത്തുമ്പോൾ ഇവിടം വെറും തകരകൊണ്ട് നിർമിച്ച വീടുകളായിരുന്നു. വൈദ്യുതി ഇല്ലാതെ റാന്തലിെൻറയും പെട്രോമാക്സിെൻറയും വെളിച്ചത്തിലായിരുന്നു ആ കാലങ്ങളിൽ ഒമാനി ഹലുവ പാകം ചെയ്തിരുന്നതെന്ന് പവിത്രൻ ഒാർക്കുന്നു. പഴയ എയർപോർട്ടിൽനിന്ന് സീബ് എത്തുന്നതുവരെ അക്കാലത്ത് റോഡിനു ഇരുവശവും കുറ്റിച്ചെടികൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പവിത്രൻ പറയുന്നു.
ഏറ്റവും പ്രിയവും രുചിയുമുള്ള ഹലുവയുടെ വിൽപനയിൽ അറിയപ്പെടുന്ന ഇടമായിരുന്നു സീബ്. സീബിൽ മാത്രമായിരുന്നു ഒമാനികൾക്ക് പ്രിയപ്പെട്ട ഹലുവ കിട്ടിയിരുന്നത്. സ്വദേശികളുടെ കന്തൂറ തുന്നുന്നതിൽ വിദഗ്ധന്മാരും ഇവിടെയുണ്ടായിരുന്നു. അതിനാൽ ദൂരെദിക്കുകളിൽ നിന്ന് വരെ ആളുകൾ തങ്ങളുടെ വസ്ത്രം തയ്പ്പിക്കാൻ സൂഖിൽ എത്തിയിരുന്നു. മവേല വെജിറ്റബിൾ മാർക്കറ്റ് വരുന്നതിനുമുമ്പ് പഴം-പച്ചക്കറി വ്യാപാര കേന്ദ്രം സീബ് സൂഖായിരുന്നു. മവേല മാർക്കറ്റ് വന്നപ്പോൾ സീബിലുള്ള ഇൗ മേഖലയിലുള്ളവരും അങ്ങോട്ട് മാറി. ദുബൈയിൽ നിന്ന് പച്ചക്കറികൾ കൊണ്ടുവന്നു സൂഖിൽ വിൽപന നടത്തിയിരുന്ന നിരവധി മലയാളികൾ ഉണ്ടായിരുന്നു. അവരിൽ ചിലർ ഇപ്പോൾ മബേല മാർക്കറ്റിലെ വലിയ വ്യാപാരികളാണ്. മറ്റുചിലർ മറ്റു മേഖലകളിലേക്ക് മാറി.
ഉണക്കമീൻ, ഈത്തപ്പഴം, ഒമാനി ഹലുവ മറ്റു പ്രാദേശികമായി കൃഷിചെയ്യുന്ന വിളകൾ എന്നുവേണ്ട ഒരാഴ്ചത്തേക്ക് എന്തുവേണമെങ്കിലും വാങ്ങാനും വിൽക്കാനും സാധിക്കുന്ന ഒരു ഇടമാണിവിടം.
മുമ്പ് 'നാദി' എന്നപേരിൽ ഈത്തപ്പഴ ലേലം ഇവിടെ നടക്കാറുണ്ടായിരുന്നു. ഒമാെൻറ വിവിധയിടങ്ങളിൽനിന്ന് കൃഷിചെയ്ത് ആദ്യവിളവെടുപ്പിലുള്ള ഈത്തപ്പഴം പാരമ്പര്യരീതിയിൽ ലേലം ചെയ്യുന്നതിൽ സീബിനുള്ള പ്രശസ്തി വളരെ വലുതാണ്. ഇവിടെ വെള്ളിയാഴ്ച ചന്തയും പ്രശസ്തമായിരുന്നു. ചന്തയിൽ പങ്കെടുക്കാൻ പുലർച്ചെ തന്നെ ആളുകൾ സൂഖിൽ എത്തിയിരുന്നു. പക്ഷികൾ, പലതരം പ്രാവുകൾ, ലൗബേർഡ്സ്, മുയൽ തുടങ്ങിയവയുടെ വിൽപന സൂഖിെൻറ ഒരിടത്ത് നടക്കുേമ്പാൾ മറുഭാഗത്തു ഉണക്കമീനും പച്ചമീനും ഈത്തപ്പഴവും പുൽപായയും കോഴിമുട്ടയും മോരും നെയ്യും സുഗന്ധദ്രവ്യങ്ങളായ ഊദും ബഹൂറും അത്തറും കുന്തിരിക്കവും കൊണ്ട് നിറയും. പെരുന്നാൾ ചന്തയുടെ ആരവം ഓർമിച്ചെടുക്കുകയാണ് നദ ഹാപിനെസ് ട്രേഡിങ് ഉടമ അബ്ദുസ്സലാം. സീബ് സൂഖിൽ റോസ്റ്ററി സ്ഥാപനം തുടങ്ങിയതുമുതൽ ഇവിടത്തെ പെരുന്നാൾ കച്ചവടം നേരിൽ കാണുന്നുണ്ടെന്ന് സലാം പറയുന്നു. പല ദിക്കുകളിൽനിന്ന് വരുന്ന സ്വദേശികളും വിദേശികളുമായ കച്ചവടക്കാർ സൂഖിന് പുറത്തുള്ള മൈതാനിയിൽ നിരന്നിരുന്ന് സാധനങ്ങൾ വിൽപനക്ക് വെക്കും. പുത്തൻ ഉടുപ്പുകൾ, കളിപ്പാട്ടങ്ങൾ, വളർത്തുകോഴികൾ, ഗൃഹോപകരണങ്ങൾ എല്ലാം വിൽപനക്കുണ്ടാവും. സാധാരണക്കാർ മാത്രമല്ല, ഒമാനിലെ രാജകുടുംബാംഗങ്ങൾ പോലും പലപ്പോഴായി സൂഖിലെത്തിയിരുന്നുവെന്ന് അബ്ദുസ്സലാം ഓർത്തെടുക്കുന്നു.
പെരുന്നാളിനോടനുബന്ധിച്ചുള്ള വഴിവാണിഭ കച്ചവടം മൂന്നുദിവസം നീളും. രണ്ടു പെരുന്നാളിനും റമദാൻ പകുതിയിലെ കറംകശുവിലും സീബ് സൂഖ് ജനത്തിരക്കിൽ വീർപ്പുമുട്ടും. കച്ചവടക്കാർ അവരുടെ സീസൺ ആയാണ് ഈ ആഘോഷദിവസങ്ങളെ കാണുന്നതെന്ന് 20 വർഷമായി സൂഖിലെ കച്ചവടക്കാരൻ റസാക്ക് അറവിലകത്ത് പറയുന്നു. പഴയ പ്രതാപത്തിനു മാറ്റുകുറഞ്ഞെങ്കിലും ഇപ്പോഴും സൂഖിൽ എത്തുന്നവർ ഏറെയുണ്ട്. ചെറിയ കച്ചവടക്കാർ, നിർമാണ മേഖലയിൽ ജോലിചെയ്യുന്നവരുടെ കൂട്ടങ്ങൾ, നാട്ടിൽ പോകാൻ തയാറെടുക്കുന്നവർ ഇവരൊക്കെ ഒഴിവുദിനത്തിലെ വൈകുന്നേരങ്ങളിൽ ഇവിടെയെത്തും. എല്ലാം കിട്ടും എന്നതാണ് പ്രത്യേകത. വിലപേശിയും മറ്റും അവശ്യസാധനങ്ങൾ വാങ്ങി ഇവർ മടങ്ങും.
സീബ് സൂഖ് മലയാളികൾക്ക് ഒരു സാംസ്കാരിക കൂട്ടായ്മതന്നെയായിരുന്നു. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിലെ ചർച്ചകൾകൊണ്ട് സമ്പന്നമായ ഒരു ഒത്തുചേരൽ എല്ലായ്പ്പോഴും ഉണ്ടായിരുന്നു എന്ന് സീബിലെ പഴയകാല കച്ചവടക്കാരനും സാമൂഹിക പ്രവർത്തകനുമായ എം.ടി. അബൂബക്കർ ഓർത്തെടുക്കുന്നു. സൂഖ് ഒരു വികാരമാണ്. പട്ടാളക്കഥ പോലെ ഒമാനിലെ പഴയകാല മലയാളികൾ ഇന്നും പറയുന്ന കഥകളിൽ സീബ് സൂഖ് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.