പണമയക്കുമ്പോൾ നേട്ടമുണ്ടാക്കാം
text_fieldsനാട്ടിലേക്ക് പണമയക്കുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം. ചെറിയ വരുമാനമുള്ള തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു കാര്യമാണിത്. വിനിമയ നിരക്ക്, പണമയക്കുന്നതിനുള്ള ചാർജ് എന്നിവ പ്രധാനമാണ്. എക്സ്ചേഞ്ച് റേറ്റ് ഇന്ത്യൻ രൂപയുടെ ഡോളറുമായിട്ടുള്ള വിനിമയ നിരക്കിനെ ആശ്രയിച്ചിരിക്കും. എക്സ്ചേഞ്ച് കമ്പനികൾ ആദ്യം ഒമാനി റിയാൽ ഡോളറായി മാറ്റും. എന്നിട്ടു ഡോളർ ഇന്ത്യൻ രൂപയിലേക്കു മാറ്റും. തിങ്കൾ മുതൽ വെള്ളി വരെ ഒമാൻ സമയം രാവിലെ 7.30 മുതൽ ഉച്ചക്ക് രണ്ട് മണിവരെയാണ് വ്യാപാരം നടക്കുന്നത് (ഒഴിവ് ദിവസങ്ങൾ ഒഴികെ). വിനിമയനിരക്ക് മാർക്കറ്റിലെ കയറ്റിറക്കങ്ങളെ ആശ്രയിച്ചിരിക്കും.ഡോളർ ഇന്ത്യൻ രൂപയായി മാറ്റുമ്പോൾ ഒരു ബ്രോക്കറേജ് ഉണ്ട്. ബ്രോക്കറേജ് കഴിച്ചുള്ള റേറ്റാണ് ബാങ്കുകൾക്കും എക്സ്ചേഞ്ച് കമ്പനികൾക്കും കിട്ടുന്നത്. അതുകൊണ്ടാണ് പലപ്പോഴും പല വെബ്സൈറ്റുകളിലും കാണുന്ന നിരക്ക് എക്സ്ചേഞ്ച് കമ്പനികളിൽ ലഭിക്കാത്തത് പ്രവാസികളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. വെള്ളിയാഴ്ച മാർക്കറ്റ് അവസാനിക്കുന്നതുമുതൽ തിങ്കളാഴ്ച മാർക്കറ്റ് തുറക്കുന്നതുവരെ മിക്കവാറും റേറ്റുകളിൽ മാറ്റമുണ്ടാകാറില്ല. കഴിയുന്നതും മാർക്കറ്റ് ലൈവ് ആയിരിക്കുമ്പോൾ അതായതു പകൽ രണ്ടു മണിക്ക് മുന്നേ പണമയക്കുന്നതു പലപ്പോഴും നല്ല നിരക്ക് കിട്ടാൻ സാധ്യതയുണ്ട്. അതുപോലെ കൂടുതൽ തുക അയക്കാനുണ്ടെങ്കിൽ കഴിയുന്നതും നിങ്ങളുടെ എക്സ്ചേഞ്ച് കമ്പനിയെ രാവിലെ തന്നെ അറിയിക്കുക. അങ്ങനെയെങ്കിൽ നിങ്ങൾക്ക് മെച്ചപ്പെട്ട വിനിമയ നിരക്ക് കിട്ടാൻ സാധ്യത കൂടുതലാണ്.
പണ്ടൊക്കെ ഒരു വീട്ടിലെ ഒന്നിലധികം ആളുകൾക്ക് വെവ്വേറെ പണമയക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് പ്രവാസിയുടെ അക്കൗണ്ടിലേക്കു പണമയച്ചതിനുശേഷം ഇന്റർനെറ്റ് ബാങ്കിങ്ങ് വഴി അല്ലെങ്കിൽ ജിപേ വഴി മറ്റുള്ളവർക്ക് കൊടുക്കുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട്. ഇത് പണമയക്കുന്നതിനുള്ള ചാർജ് ഗണ്യമായി കുറക്കുന്നുണ്ട് .
എങ്ങനെ പണം അയക്കണം
കോവിഡിനുശേഷം ഡിജിറ്റൽ മേഖല വലിയ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട് . അത് റെമിറ്റൻസ് മേഖലയിലും മാറ്റങ്ങളുണ്ടാക്കി. റേറ്റ് അല്പം കുറവായാലും എപ്പോൾ വേണമെങ്കിലും അയക്കാമെന്നത് മൊബൈൽ ആപ്പിന്റെ ഒരു സൗകര്യമാണെന്ന കാര്യം വാസ്തവമാണ്. മൊബൈൽ അപ്ലിക്കേഷൻ വഴി ഇപ്പോൾ ബാങ്കിൽനിന്ന് മാത്രമല്ല പല എക്സ്ചേഞ്ച് കമ്പനികളിൽനിന്നും പണമയക്കാവുന്നതാണ്. കുറഞ്ഞ സേവന നിരക്ക് ഇതിലേക്ക് തിരിയാൻ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. പക്ഷെ എക്സ്ചേഞ്ച് കമ്പനികളും കുറഞ്ഞ സേവന നിരക്കാണ് മൊബൈൽ വഴി പണമയക്കുന്നതിന് ഈടാക്കുന്നത്. ഇതൊക്കെ ആണെങ്കിലും നല്ലൊരു ശതമാനം പ്രവാസികളും ഇപ്പോഴും എക്സ്ചേഞ്ച് കമ്പനികളിൽ നേരിട്ടുവന്നു പണമയക്കുന്നതാണ് രീതി. ഏതു എക്സ്ചേഞ്ച് കമ്പനിയാണ് ഏറ്റവും മികച്ച വിനിമയ നിരക്ക് നൽകുന്നതെന്ന് കണ്ടുപിടിച്ചു പണമയക്കുന്നതിൽ മിടുക്കരാണ് പല പ്രവാസികളും. പണമയക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ബാങ്കിന്റെ മൊബൈൽ ആപ്പ് വഴി അയക്കുമ്പോൾ പരിഹരിക്കപ്പെടാൻ കാലതാമസം നേരിടാറുണ്ട്. അതുപോലെതന്നെ വലിയ തുക അയക്കുമ്പോൾ എക്സ്ചേഞ്ച് കമ്പനികൾ വഴിയാണ് അയക്കുന്നത്. മൊബൈൽ റേറ്റ് ഫിക്സഡ് ആയിരിക്കുമ്പോൾ എക്സ്ചേഞ്ച് കമ്പനികളിൽനിന്നും മെച്ചപ്പെട്ട റേറ്റ് കിട്ടാറുണ്ട്.
ഹവാല ഇടപാടിലെ അപകടം
ചെറിയ ഒരു വിഭാഗമെങ്കിലും ഹുണ്ടി മാർഗം വഴി പണമയക്കുന്നതായി കേട്ടിട്ടുണ്ട്. ചെറിയ ലാഭത്തിനുവേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കുക. പണം അയക്കുന്ന രാജ്യത്തെയും കിട്ടുന്ന രാജ്യത്തെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തിയാണിത്. കുറ്റകരവും രാജ്യദ്രോഹവും ആണെന്നതിനുപുറമെ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പ കിട്ടാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. പിടിക്കപ്പെടുമ്പോൾ നിങ്ങളും കുടുംബവും ഒരുപോലെ ബുദ്ധിമുട്ടും എന്ന തിരിച്ചറിവ് ഇക്കാര്യത്തിൽ അനിവാര്യമാണ് .
നാട്ടിലേക്ക് സ്ഥിരമായി മടങ്ങുമ്പോൾ
സ്ഥിരമായി നാട്ടിലേക്ക് മടങ്ങുമ്പോൾ നിങ്ങളുടെ ഫോൺ നമ്പർ, മറ്റു വിവരങ്ങൾ കാൻസൽ ചെയ്യാൻ എക്സ്ചേഞ്ച് കമ്പനിയോട് ആവശ്യപ്പെടുകയും അവർ അത് ചെയ്തു എന്ന് ഉറപ്പു വരുത്തുകയും വേണം. നിങ്ങളുടെ അക്കൗണ്ട് ഏതെങ്കിലും സാഹചര്യത്തിൽ ദുരുപോലെയോഗം ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിയാണിത് . ഇത് പ്രത്യേകം ശ്രദ്ധിക്കുക.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.