ദുകമിലെ തൊഴിൽ സേവനങ്ങൾ; ഒമാൻ മനുഷ്യാവകാശ കമീഷൻ അംഗങ്ങൾ സന്ദർശിച്ചു
text_fieldsമസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ തൊഴിൽ സേവനങ്ങൾ ഒമാൻ മനുഷ്യാവകാശ കമീഷൻ (ഒ.എച്ച്.ആർ.സി) അവലോകനം ചെയ്തു. തൊഴിലാളികളുടെ താമസത്തിനുള്ള മാനദണ്ഡങ്ങൾ, അനുയോജ്യമായ തൊഴിൽ അന്തരീക്ഷം, തൊഴിൽ സുരക്ഷ, ആരോഗ്യം, അന്തർദേശീയ സൗകര്യങ്ങൾ എന്നിവയാണ് വിലയിരുത്തിയത്.
ചെയർമാൻ പ്രഫ. റാഷിദ് ബിൻ ഹമദ് അൽ ബലൂഷിയുടെ അധ്യക്ഷതയി സാമ്പത്തിക മേഖലയിൽ നടത്തിയ ഫീൽഡ് സന്ദർശനത്തിനുശേഷം കമ്മീഷൻ സംതൃപ്തി രേഖപ്പെടുത്തി. തൊഴിലാളി കമ്മ്യൂണിറ്റികൾ, താമസ സൗകര്യങ്ങൾ, പ്രദേശത്തെ ജീവനക്കാരുമായി സംവദിക്കൽ എന്നിവ സന്ദർശനത്തിൽ ഉൾപ്പെട്ടിരുന്നു.
ഒമാൻ ടാങ്ക് ടെർമിനൽ കമ്പനി നിയന്ത്രിക്കുന്ന റാസ് മർകസിലെ ലേബർ ക്യാമ്പ്, അൽ നഹ്ദ ലേബർ വില്ലേജ് അക്കമഡേഷൻസ്, കർവ മോട്ടോഴ്സിന്റെ ലേബർ ക്യാമ്പ് എന്നിവ പ്രതിനിധി സംഘത്തിന്റെ ഫീൽഡ് സന്ദർശനങ്ങളിൽ ഉൾപ്പെടുന്നു.
പ്രതിനിധി സംഘം തൊഴിലാളികൾക്ക് നൽകുന്ന സേവനങ്ങൾ വിലയിരുത്തി. അവരുടെ ആരോഗ്യവും പാരിസ്ഥിതിക സാഹചര്യങ്ങളും നിരീക്ഷിക്കുകയും, സുരക്ഷാ സേവനങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.
പ്രതിനിധി സംഘം നിരവധി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. അഭിപ്രായങ്ങൾ കേൾക്കുകയും അവകാശങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച നടത്തുകയും ചെയ്തു. കമ്മീഷന്റെ പ്രവർത്തനങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, പരാതി നടപടിക്രമങ്ങൾ, പൗരന്മാർക്കും താമസക്കാർക്കും ഒരുപോലെ ലഭ്യമായ ആശയവിനിമയ മാർഗങ്ങൾ എന്നിവ പരിചയപ്പെടുത്തി.
ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ സി.ഇ.ഒ എൻജിനീയർ അഹമ്മദ് ബിൻ അലി അകാക്കുമായി കൂടിക്കാഴ്ച നടത്തിയാണ് പ്രതിനിധി സംഘം സന്ദർശനം അവസാനിപ്പിച്ചത്.
പ്രദേശത്തിന്റെ മാസ്റ്റർ പ്ലാൻ, ഭാവി വികസന പദ്ധതികൾ, ഒമാനികൾക്കും താമസക്കാർക്കും നിക്ഷേപകർക്കും അനുയോജ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ, ബിസിനസ് അന്തരീക്ഷം എന്നിവ നൽകുന്നതിൽ സോണിന്റെ പങ്ക് എന്നിവ കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.