ബൗഷർ വിലായത്തിൽ ഏഴുപേർക്ക് ഡെങ്കിപ്പനി
text_fieldsമസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിൽ ഏഴുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. ഒമാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സെയ്ഫ് അൽ ഹൊസാനിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ആദ്യമായിട്ടല്ല ഡെങ്കിപ്പനി റിപ്പോർട്ട് ചെയുന്നത്. 2019, 2020 കാലഘട്ടങ്ങളിൽ മസ്കത്ത്, ദോഫാർ ഗവർണറേറ്റുകളിലും ഡെങ്കിപ്പനി രേഖപ്പെടുത്തിയിരുന്നുവെന്ന് അൽ ഹൊസാനി പറഞ്ഞു. ഈഡിസ് ഈജിപ്തി എന്ന കൊതുകിന്റെ കടിയിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. പകൽസമയത്തു മാത്രം കടിക്കുന്ന സ്വഭാവമുള്ള ഇവയുടെ നിറം കറുപ്പും മുതുകിലും മൂന്നു ജോഡി കാലുകളിലും വെളുത്ത വരകളുമുണ്ടാകും.
പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപിരട്ടലും ഛർദിയും എന്നിവയാണ് സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണുബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്
അതേസമയം, മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കൊതുകിനെയും അവയുടെ പ്രജനന കേന്ദ്രങ്ങളെയും ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരുകയാണ്. പരിസരങ്ങളിൽ മാലിന്യങ്ങളും ഒഴിഞ്ഞ പാത്രങ്ങളും വലിച്ചെറിയരുതെന്നും കൊതുകുകളുടെ വ്യാപനത്തെ ചെറുക്കുന്നതിന് വാട്ടർ ടാങ്കുകൾ മൂടണമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ജലസംഭരണികൾ മൂടുമെന്നും മാലിന്യങ്ങളും ഒഴിഞ്ഞ പാത്രങ്ങളും വലിച്ചെറിയില്ലെന്നും എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.