'ശബാബ് ഒമാൻ രണ്ട്' നാടണയുന്നു; സലാല തുറമുഖത്തേക്ക് തിരിച്ചു
text_fieldsമസ്കത്ത്: അന്താരാഷ്ട്ര പര്യടനം പൂർത്തിയാക്കി ശബാബ് ഒമാൻ രണ്ട് നാവികകപ്പൽ നാടണയുന്നു. കപ്പൽ സൗദിയിലെ ജിദ്ദ തുറമുഖത്തുനിന്നാണ് സലാലയിലേക്ക് തിരിച്ചത്.
ഈജിപ്തിലെ സൈദ് തുറമുഖത്തുനിന്നായിരുന്നു ജിദ്ദയിലെത്തിയത്. സമാധാനത്തിന്റെ സന്ദേശവുമായി പര്യടനം നടത്തുന്ന 'ശബാബ് ഒമാൻ രണ്ടി'ന്റെ മടക്കയാത്രക്കിടെയുള്ള അവസാന സ്റ്റേഷനായിരുന്നു ജിദ്ദ തുറമുഖം.
വിവിധ തുറമുഖങ്ങളിൽ കപ്പലിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചിരുന്നത്. കപ്പൽ കാണാനും യാത്രയെ പറ്റി അറിയാനും നിരവധി സന്ദർശകർ എത്തുകയും ചെയ്തിരുന്നു. സുൽത്താനേറ്റിന്റെ ചരിത്രവും പൈതൃകവും വിശദീകരിക്കുന്ന കപ്പലിലെ ഫോട്ടോ പ്രദർശനം നിരവധി സന്ദർശകരെയാണ് ആകർഷിച്ചത്. ഒമാന്റെ നാവികചരിത്രവും പുരാതന പൈതൃകങ്ങളും പരിചയപ്പെടുത്തി സുൽത്താനേറ്റും ലോകത്തിലെ വിവിധ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം വിപുലപ്പെടുത്തുന്നതിനുള്ള സന്ദേശം നൽകാനാണ് കപ്പൽ യാത്രയിലൂടെ ശ്രമിച്ചത്.
'ഒമാൻ, സമാധാനത്തിന്റെ ഭൂമിക' എന്ന തലക്കെട്ടിലുള്ള കപ്പലിന്റെ യൂറോപ്യൻ ഉപഭൂഖണ്ഡ യാത്ര ഏപ്രിൽ 11നാണ് സുൽത്താനേറ്റിൽനിന്ന് ആരംഭിച്ചത്. ലോക സഞ്ചാരത്തിന്റെ ഭാഗമായി 18 രാജ്യങ്ങളിലെ 30 തുറമുഖങ്ങളാണ് കപ്പൽ സന്ദർശിക്കുന്നത്. ജർമനിയിലെ 'കീൽ മാരിടൈം വീക്ക് 2022'ൽ കപ്പൽ പങ്കെടുത്തിരുന്നു. ദാനിഷ് എസ്ജെര്ഗ് ഫെസ്റ്റിവലില് 'ശബാബ് ഒമാൻ' സന്ദർശകരെ സ്വീകരിച്ച മികച്ച കപ്പലിനുള്ള അവാർഡ് നേടി.
പായ്ക്കപ്പലുകൾക്ക് നൽകുന്ന 2022ലെ ഇന്റർനാഷനൽ ഫ്രണ്ട്ഷിപ് കപ്പും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.