'ശബാബ് ഒമാൻ' ജർമനിയിലേക്ക് തിരിച്ചു
text_fieldsമസ്കത്ത്: ശബാബ് ഒമാൻ രണ്ട് നാവിക കപ്പലിന്റെ അന്താരാഷ്ട്ര യാത്ര തുടരുന്നു. സമാധാനത്തിന്റെ സന്ദേശം പകർന്ന് നടത്തുന്ന യാത്ര ജർമനിയിലെ കീൽ തുറമുഖത്തേക്കാണ് തിരിച്ചിരിക്കുന്നത്. ആറാമത് അന്തർ ദേശീയ യാത്രയുടെ ഭാഗമായി ഇംഗ്ലണ്ടിലെ വെസ്റ്റ് ഇന്ത്യൻ ഡോക്സ് തുറമുഖത്തുനിന്നാണ് കപ്പൽ ജർമനിയിലേക്ക് തിരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെത്തിയ കപ്പലിന് ഒമാൻ അംബാസഡർ ശൈഖ് അബ്ദുൽ അസീസ് അബ്ദുല്ല അൽ ഹിനായിയുടെ നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പാണ് നൽകിയിരുന്നത്. അഞ്ച് ദിവസം ഇവിടെ തങ്ങിയ കപ്പൽ കാണാനായി ഇംഗ്ലണ്ടിലെ മുതിർന്ന ഉദ്യോഗസ്ഥരും വിവിധ എംബസി ജീവനക്കാരുമടക്കം നിരവധി പേരാണ് എത്തിയിരുന്നത്. കപ്പലിന്റെ യാത്രയെയും ലക്ഷ്യങ്ങളെയും കുറിച്ചും അതിന്റെ അടുത്ത സ്റ്റേഷനുകളെ പറ്റിയും സന്ദർശകർക്ക് കപ്പൽ ജീവനക്കാർ വിശദീകരിച്ചു കൊടുത്തു. 'ശബാബ് ഒമാൻ രണ്ടി'ൽ ഒരുക്കിയിട്ടുള്ള സുൽത്താനേറ്റിന്റെ ചരിത്രപരവും സാംസ്കാരികവും വികസനപരവുമായ ഫോട്ടോ പ്രദർശനം സന്ദർശകരെ ആകർഷിക്കുന്നതായി.
'ഒമാൻ, സമാധാനത്തിന്റെ ഭൂമിക' എന്ന തലക്കെട്ടിൽ യൂറോപ്യൻ ഉപഭൂഖണ്ഡത്തിലേക്ക് നടത്തുന്ന യാത്ര ഏപ്രിൽ 11ന് സുൽത്താനേറ്റിൽനിന്നാണ് ആരംഭിച്ചത്. രാജ്യത്തിന്റെ നാവിക ചരിത്രവും പുരാതന പൈതൃകങ്ങളും പരിചയപ്പെടുത്തി സുൽത്താനേറ്റും ലോകത്തിലെ വിവിധ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം വിപുലപ്പെടുത്തുന്നതിനുള്ള സന്ദേശം നൽകാനാണ് കപ്പൽയാത്രയിലൂടെ ശ്രമിക്കുന്നത്. യാത്രയുടെ ഭാഗമായി ഗ്രീസിലെ ഹെറാക്ലിയോൺ തുറമുഖം, ഇറ്റലിയിലെ കാറ്റാനിയ, സിറാക്കൂസ, സ്പെയിനിലെ ഈവിസ, ഇബിസ, ക്രൊയേഷ്യയിലെ ഡുബ്രോവ്നിക് തുറമുഖങ്ങളിലും എത്തിയിരുന്നു. ലോക സഞ്ചാരത്തിന്റെ ഭാഗമായി 18 രാജ്യങ്ങളിലെ 30 തുറമുഖങ്ങൾ സന്ദർശിക്കും. കഴിഞ്ഞ വർഷം നവംബർ ഏഴിന് സൗഹൃദത്തിന്റെ സന്ദേശവുമായി 'ശബാബ് ഒമാൻ രണ്ട്'ഒമാൻ നവിക കപ്പൽ ജി.സി.സി രാജ്യങ്ങളിലേക്ക് യാത്ര നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.