ഷഹീൻ: കാർഷിക നഷ്ടത്തിന് 10.91 ദശലക്ഷം റിയാൽ വായ്പ
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷം ഒക്ടോബറിൽ രാജ്യത്ത് ആഞ്ഞടിച്ച ഷഹീൻ ചുഴലിക്കാറ്റിൽ കാർഷിക നഷ്ടം സംഭവിച്ചവർക്ക് 10.91 ദശലക്ഷം റിയാൽ വായ്പ അനുവദിക്കാൻ അധികൃതർ തീരുമാനിച്ചു. ഒമാൻ ഡെവലപ്മെൻറ് ബാങ്ക്, കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ചാണ് വായ്പ അനുവദിക്കുന്നത്. നഷ്ടപരിഹാരത്തിന്റെ ഭാഗമായി വായ്പ അനുവദിക്കാനുള്ള സർക്കാറിന്റെ പദ്ധതിയുടെ ഭാഗമാണിത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒമാനിൽ ആഞ്ഞടിച്ച ഷഹീൻ ചുഴലിക്കാറ്റ് വൻ നാശനഷ്മാണുണ്ടാക്കിയത്. നിരവധി പേരുടെ മരണത്തിനും വൻ സാമ്പത്തിക നാശത്തിനും ഇടയാക്കിയ ചുഴലിക്കാറ്റ് കാർഷിക മേഖലക്ക് വൻ തിരിച്ചടി ഉണ്ടാക്കിയിരുന്നു. ഒമാന്റെ പ്രധാന കാർഷിക മേഖലയായ ബർക, മുസന്ന, അൽ സുവൈഖ്, ഖാബൂറ, സഹം, ഇബ്രി വിലായത്തുകളിലാണ് ഷഹീൻ കാര്യമായ പ്രഹരം ഏൽപിച്ചത്. ഈ മേഖലകളിൽ വ്യാപാര സ്ഥാപനങ്ങളിലും താമസയിടങ്ങളിലും വെള്ളം കയറിയതിനാൽ പലർക്കും ലക്ഷക്കണക്കിന് റിയാലിന്റെ നഷ്ടമാണുണ്ടായത്.
ഒമാന്റെ പ്രധാന കാർഷിക മേഖലയിലുണ്ടായ ചുഴലിക്കാറ്റിൽ വൻ കൃഷി നാശം ഉണ്ടായിരുന്നു. ഈ മേഖലയിൽ ഫാമുകൾ നടത്തുന്ന ചില മലയാളികൾക്കും വൻ നഷ്ടമാണുണ്ടായത്. നിരവധി ഫാമുകളിൽ നിർമിച്ച മേൽക്കൂരകൾ തകരുകയും കാർഷിക വിഭവങ്ങളും കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും നശിക്കുകയും ചെയ്തിരുന്നു. ഇത് കാർഷിക മേഖലയെ സാരമായി ബാധിച്ചിരുന്നു. ഇക്കാരണത്താൽ കഴിഞ്ഞ സീസണിൽ കാർഷികോൽപാദനം കുറയുകയും ചെയ്തിരുന്നു.
ഒമാന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഭൂവുടമകൾക്കും കർഷകർക്കും ഏറെ അനുഗ്രഹമാവുന്ന പദ്ധതി സർക്കാർ നടപ്പാക്കുന്നത്. നഷ്ട പരിഹാരം തേടി 415 അപേക്ഷകളാണ് അധികൃതർക്ക് ലഭിച്ചത്. ഇതനുസരിച്ച് അധികൃതർ നടത്തിയ സാമ്പത്തിക പഠനത്തിനും വിലയിരുത്തലിനും ശേഷം 249 പേർക്കാണ് വായ്പ അനുവദിച്ചത്. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളെ ഷഹീന് മുമ്പുള്ള അവസ്ഥയിലേക്ക് കൊണ്ടുവരാനാണ് വായ്പ അനുവദിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വായ്പക്ക് എന്തെങ്കിലും ഫീസോ അധിക ചെലവോ ഉണ്ടായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.