ശഹീൻ: ആശങ്ക ഒഴിയാതെ
text_fieldsസുഹാർ: ബാത്തിന മേഖലയിൽ നാശം വിതച്ച ശഹീൻ ദുരന്തത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട മലയാളികളടക്കമുള്ള പ്രവാസികളുടെ ആശങ്ക ഒഴിയുന്നില്ല. എംബസി ഇടപെട്ട് പുതിയ പാസ്പോർട്ട് സൗജന്യമായി നൽകാനുള്ള സാധ്യമായ നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥർ വാക്കാൽ ഉറപ്പു നൽകിയിരുന്നു. ദുരന്തസ്ഥലം സന്ദർശിച്ച എംബസി ഉദ്യോഗസ്ഥരോട് ബാത്തിന മേഖലയിലെ സാമൂഹിക പ്രവർത്തകരും കച്ചവടക്കാരും ആവശ്യപ്പെട്ടത് നാശം സംഭവിച്ച സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരവും പാസ്പോർട്ട് സൗജന്യമായി പുതുക്കി നൽകണമെന്നുമായിരുന്നു. ദുരന്ത സമയത്ത് ഭക്ഷണക്കിറ്റുകൾ നൽകിയതല്ലാതെ നഷ്ട പരിഹാര ശ്രമങ്ങളോ അതിെൻറ കണക്കെടുപ്പോ ഒന്നുമുണ്ടായിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു. നൂറുകണക്കിന് വിദേശികളുടെ സ്വത്തും വ്യാപാരസ്ഥാപനങ്ങളുമാണ് നഷ്ടപ്പെട്ടത്. പലരുടെയും വ്യാപാര സ്ഥാപനങ്ങൾ ഇപ്പോഴും തുറന്ന് പ്രവർത്തിക്കാനായിട്ടില്ല. തുറന്ന സ്ഥാപനങ്ങളാകട്ടെ വ്യാപാര മാന്ദ്യത്തിൽ ആശങ്കയിലുമാണ്. ശമ്പളംപോലും കിട്ടാൻ വഴിയില്ലാതെ പ്രയാസപ്പെടുന്നവർക്കാണ് പാസ്പോർട്ടും അനുബന്ധ രേഖകളും നഷ്ടമായത്.
ഇതിനിടെ വിസ കഴിയാറായവരും നാട്ടിലേക്ക് യാത്ര ചെയ്യേണ്ടവരും സൗജന്യപുതുക്കലിന് കാത്തു നിൽക്കാതെ സ്വന്തം കാശിന് പുതുക്കിയിരിക്കയാണ്. പാസ്പോർട്ട് നഷ്ടപ്പെട്ടവരുടെ മുഴുവൻ വിവരങ്ങളും എംബസിയിൽനിന്ന് നൽകിയ പൂരിപ്പിച്ച ഫോറങ്ങളും ഡൽഹി മന്ത്രാലയത്തിന് അയച്ചു നൽകി അനുകൂല നിലപാടിനായി കാത്തിരിക്കയാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ അബാസഡറുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ് കൺവീനർ സന്തോഷ് കുമാർ പറഞ്ഞു. പ്രശ്നപരിഹാരത്തിന് വിദേശ കാര്യാലയവുമായി ബന്ധപ്പെടാൻ എം.പിമാരായ പി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, എളമരം കരീം എന്നിവർക്ക് നിവേദനവും നൽകിയിട്ടുണ്ടെന്ന് മസ്കത്ത് കൈരളി പ്രവർത്തകൻ കാബൂറയിലെ രാമചന്ദ്രൻ പറഞ്ഞു. എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്നാണ് പ്രതീക്ഷയെന്ന് പാസ്പോർട്ട് നഷ്ടപ്പെട്ട മലപ്പുറം സ്വദേശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.