ശഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന ശക്തമായ മഴയിലും മറ്റും ജനജീവിതം ദുസ്സഹമാകുമെന്ന് കരുതി ഒമാനിൽ ഞായർ, തിങ്കൾ ദിവങ്ങളിൽ അധികൃതർ പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അവധി ബാധകമാണ്. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളെ അവധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ ശഹീൻ ചുഴലിക്കാറ്റിെൻറ ആഘാതം കുറവായിരിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ഞായറാഴ്ച മുതലുള്ള ബസ്, ഫെറി സർവിസുകളും നിർത്തിവെച്ചതായി മുവാസലാത്ത് അറിയിച്ചു. എന്നാൽ, സലാലയിലെ സിറ്റി ബസ്, ഷന്ന-മസിറ റൂട്ടിൽ ഫെറി സർവിസും തുടരും.
അതേസമയം, ശഹീൻ ചുഴലിക്കാറ്റ് രാജ്യത്തേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമാൻതീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു. കാറ്റിെൻറ പ്രഭവകേന്ദ്രം മസ്കത്ത് ഗവർണറേറ്റിെൻറ 200 കിലോമീറ്റർ അകലെ മാത്രമാണ്. ഇതിെൻറ ഭാഗമായുള്ള കാർമേഘക്കൂട്ടങ്ങൾ 80 കിലോമീറ്റർ അകലെ എത്തി. മണിക്കൂറിൽ 116 മുതൽ 150 കിലോമീറ്റർ വേഗതയിലാണ് കാറ്റിെൻറ സഞ്ചാരം.
കാറ്റിെൻറ പരോക്ഷ പ്രത്യാഘാതം ഇപ്പോൾ തന്നെ രാജ്യത്തിെൻറ പല ഭാഗങ്ങളിലും കണ്ട് തുടങ്ങിയിട്ടുണ്ട്. പലയിടത്തും മഴ ലഭിച്ചു. തീര പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്. തെക്കൻ ശർഖിയ, മസ്കത്ത് ഗവർണറേറ്റുകളിൽ അഞ്ച് മുതൽ ആറ് മീറ്റർ ഉയരത്തിലാണ് തിരമാലകൾ വീശിയടിക്കുന്നത്. മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ടെന്നും ഭക്ഷ്യ ഉൽപന്നങ്ങൾക്കും വെള്ളത്തിനും മറ്റും ദൗർലഭ്യം ഉണ്ടാവാൻ സാധ്യതയില്ലെന്നും അതിനാൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്നും അധികൃതർ അറിയിച്ചു.
പൗരൻമാരുടെയും വിദേശികളായ താമസക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്താൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അധികൃതർക്ക് നിർേദ്ദശം നൽകി. കാറ്റ് നേരിട്ട് ആഘാതം ഏൽപ്പിക്കുന്ന പ്രദേശങ്ങളിൽനിന്ന് ജനങ്ങളോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടു. വിലായത്തുകളായ ബർഖ, സഹം, മസ്കത്ത് ഗവർണറേറ്റിലെ തീര പ്രദേശങ്ങൾ, തെക്കൻ ശർഖിയ ഗവർണറേറ്റിലെ ചില തീര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ആളുകളോടാണ് മാറി താമസിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മത്ര കോർണിഷ് അടച്ചതിനാൽ യാത്രക്കാർ മറ്റ് റോഡുകൾ ഉപയോഗിക്കണം. അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴുപ്പിക്കുകയാണെങ്കിൽ ഇത്തരക്കാരെ താമസിപ്പിക്കാൻ ഹോട്ടലുകളും മറ്റും സഹകരിക്കണമെന്ന് മസ്കത്ത് ഗവർണറേറ്റിലെ സ്ഥാപനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷക്കായി ഇവ കരുതാം....
-വാഹനങ്ങളിൽ ഇന്ധനം ഉറപ്പുവരുത്തുക
-നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻറ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക
- താമസസ്ഥലത്ത്നിന്ന് മാറ്റി താമസിപ്പിക്കുകയാണെങ്കിൽ സഹകരിക്കുക
-താമസം മാറാൻ നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെങ്കിൽ വീട്ടിൽതന്നെ തുടരുക
-അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്
-അത്യാവശ്യത്തിന് പുറത്തിറങ്ങാൻ സുരക്ഷിതമായ റോഡുകളെ മാത്രം ഉപയോഗിക്കുക
-വാദികൾ മുറിച്ച് കടക്കരുത്
-അടിയന്തര സാഹചര്യങ്ങളിൽ 9999 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.