ശഹീൻ ചുഴലിക്കാറ്റ്: ദുരന്തം പെയ്തിറങ്ങി
text_fieldsമസ്കത്ത്: ഞായറാഴ്ച വീശിയടിച്ച ശഹീൻ ചുഴലിക്കാറ്റ് ബാത്തിനയിൽ ദുരന്തമായി പെയ്തിറങ്ങി. ബർക മുതൽ മുസന്നവരെ വൻ നാശമാണ് വിതച്ചത്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലാവുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. മുളന്ത ഇന്ത്യൻ സ്കൂളിലടക്കം നിരവധി സ്ഥാപനങ്ങൾക്കും കാര്യമായ നാശ നഷ്ടങ്ങൾ നേരിട്ടു. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറുകയായിരുന്നു. പലരും കുടുംബസമേതം രാത്രിതന്നെ വീടുകൾ മാറിയത് ദുരന്തങ്ങൾ ഒഴിവാക്കാൻ കാരണമായി. ഖദറയിലെ ചില ഭാഗങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണ്. ഒമാൻ സർക്കാർ നടത്തിയ ശക്തമായ മുൻകരുതലും ബോധവത്കരണവും വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ സഹായകമായി. ബാത്തിന ഗവർണറേറ്റിൽ അൽ ഗരസ് മുതൽ സുവൈഖ് വരെയുള്ള മേഖലകളിൽ പ്രധാന റോഡിന് ഇരുവശവും ഇപ്പോഴും വെള്ളി കെട്ടിക്കിടക്കുകയാണ്.
നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങൾക്ക് വൻ നാശമാണുണ്ടായത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 60 ശതമാനം വ്യാപാര സ്ഥാപനങ്ങൾ നാശനഷ്ടങ്ങൾ സംഭവിച്ചതായി വ്യാപാരികൾ പറയുന്നു. പല സ്ഥാപനങ്ങൾക്കും ആയിരക്കണക്കിന് റിയാലിെൻറ നാശനഷ്ടമാണുണ്ടാത്. സ്ഥാപനങ്ങളുടെയും മേൽക്കൂര കാറ്റിൽ പറന്നും ഗ്ലാസ് ഭിത്തികൾ തകർന്നും വെള്ളം ഉള്ളിൽ കയറിയതാണ് നാശമുണ്ടാവാൻ പ്രധാന കാരണം. മേഖലയിലെ പ്രധാന ഹൈപ്പർ മാർക്കറ്റുകളായ മക്ക ഹൈപ്പർ മാർക്കറ്റും താജ് ഹൈപ്പർ മാർക്കറ്റും നാശനഷ്ടങ്ങൾ സംഭവിച്ചവയിൽ ഉൾപ്പെടുന്നു. നിരവധി സ്ഥാപനങ്ങളും കാറ്റിൽ പറന്നുപോയിട്ടുണ്ട്. മുളന്ത, സുവൈഖ്, തർമത്ത്, മുസന്ന തുടങ്ങിയ സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങൾക്ക് വൻ നാശമാണുണ്ടായത്. പല സ്ഥാപനങ്ങളുടെ മേൽ കൂര തകർന്നും വെള്ളം ഉള്ളിൽ കയറിയുമാണ് നാശമുണ്ടായത്. ഇതിൽ മലയാളികൾ നടത്തുന്നതും മലയാളികളുടെ ഉടമസ്ഥതയിലുള്ളതുമായ നിരവധി സ്ഥാപനങ്ങളും ഉൾപ്പെടും. സുവൈഖിൽ നടത്തുന്ന ഹൽവ ഫാക്ടറി പൂർണമായി കാറ്റിൽ നശിച്ചു. തർമത്തിൽ വുദ്ദം അൽ സാഹിലിൽ തൃശൂർ, വടക്കേക്കാട് സ്വദേശി നിഷാദ് നടത്തുന്ന കെട്ടിട നിർമാണ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനം പൂർണമായി നശിച്ചു. കടയിലെ എല്ലാ ഉൽപന്നങ്ങളും നശിച്ചതായും പതിനായിരക്കണക്കിന് റിയാലിെൻറ നാശനഷ്ടമാണുണ്ടായതെന്നും നിഷാദ് പറഞ്ഞു. ഉൽപന്നങ്ങൾ എല്ലാം കേടുവന്നതിനാൽ കട കാലിയക്കുന്ന തിരക്കിലാണ് നിഷാദ്. സ്ഥാപനത്തിെൻറ പിന്നിലെ താമസ സ്ഥലവും പൂണമായി തകർന്നിട്ടുണ്ട്. കുടുംബത്തെ നേരത്തെ മാറ്റിയതിനാൽ ദുരന്തം ഒഴിവായതായും അദ്ദേഹം പറഞ്ഞു. തർമത്തിലെ ആദ്യകാല ഹോട്ടലുകളിൽ ഒന്നായ വടകര കല്ലാച്ചി സ്വദേശിയുടെ ഹോട്ടലിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി മുടങ്ങിയത് കാരണം നിരവധി സ്ഥലങ്ങൾ ഇരുട്ടിലാണ്. ഫോൺ ചാർജ് ചെയ്യാൻ പറ്റാത്തതിനാൽ പലരുമായും ബന്ധപ്പെടാനും കഴിയുന്നില്ല. ശഹീൻ ചുഴലിക്കാറ്റ് ഇന്ത്യൻ സ്കൂൾ മുളന്ത ഇന്ത്യൻ സ്കൂളിന് വൻ നാശമാണുണ്ടാക്കിയത്. കാറ്റും മഴയും മൂലമുള്ള സ്കൂളിെൻറ നാശനഷ്ടം കണക്കാക്കിയില്ലെങ്കിലും പതിനായിരക്കണക്കിന് റിയാലിെൻറ നാശ നഷ്ടമുണ്ടാക്കിയതായി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് എം. മുസ്തഫ പറഞ്ഞു. സ്കൂളിന് പുറത്ത് നിർമിച്ച എല്ലാ ഷെഡുകളും കാറ്റിൽ പറന്നുപോയി. ക്ലാസ്റൂമുകളിൽ വെള്ളവും ചളിയും കെട്ടിക്കിടക്കുകയാണ്. നടപ്പാതയുടെ മേൽക്കൂരയും തകർന്നുപോയി.
ഫർണിച്ചറുകൾക്കും കാര്യമായ കേടുപാടുകൾ പറ്റി. കെ.ജി. ക്ലാസുകളിലെ കുട്ടികളുടെ ഫർണിച്ചറുകൾ ഉപയോഗശൂന്യമായതായി അദ്ദേഹം പറഞ്ഞു. സ്കൂളിെൻറ മൾട്ടി പർപസ് ഹാളിനും കേടുപാടുകൾ സംഭവിച്ചിരുന്നു. ഒമാനിലെ ഇന്ത്യൻ സ്കൂളിൽ മികച്ചതായിരുന്ന സ്കൂൾ ഫുട്ബാൾ ഗ്രൗണ്ടിനും കാര്യമായ കേടുപാടുകൾ സംഭവിച്ചതായി മുസ്തഫ പറഞ്ഞു. മഴ കാരണം തർമത്തിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. രാത്രി ഒമ്പതോടെ മഴയും കാറ്റും ശമിച്ചതായി കരുതി മുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. എന്നാൽ, പത്ത് മണിയോടെ റൂമിൽ വെള്ളം ഇരച്ചുകയറുന്നാണ് ശ്രദ്ധയിൽപെട്ടതെന്ന് തർമത്തിൽ മസ്ദ ഷോറൂമിന് പിൻവശം താമസിക്കുന്ന ഇന്ത്യൻ സ്കൂൾ അധ്യാപകനായ അൻസാരി പറഞ്ഞു. പിന്നീട് കൈയിൽ കിട്ടിയ ബാഗുമെടുത്ത് വെള്ളത്തിലൂടെ ഒരു വിധം സഹാധ്യാപകെൻറ വീട്ടിലെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇൗ മേഖലയിൽ എല്ലാ വീടുകളിലും പൊടുന്നനെ വെള്ളം കയറുകയായിരുന്നു. വീട്ടുപകരണങ്ങളും ഫർണിച്ചറുമടക്കം നിരവധി വസ്തുക്കൾ വെള്ളത്തിൽ മുങ്ങി. കേടുപാടുകൾ സംഭവിച്ച റോഡുകളിൽ അറ്റകുറ്റപ്പണികൾ പുരോഗിക്കുന്നുണ്ട്. റോഡുകളിലും മറ്റും വീണ മരങ്ങളും മണ്ണും നീക്കുന്ന രാപ്പകൽ ശ്രമത്തിലാണ് മുനിസിപ്പാലിറ്റി അധികൃതർ. നിരവധി സ്ഥലങ്ങളിൽ റോഡുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം വൻ പമ്പുസെറ്റുകൾ ഉപയോഗിച്ച് അടിച്ചുമാറ്റുന്നുണ്ട്. രാജ്യം സാധാരണ ഗതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് മുനിസിപ്പാലിറ്റികളും അനുബന്ധ സ്ഥാപനങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.