ശഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന ശക്തമായ മഴയിലും മറ്റും ജനജീവിതം ദുസ്സഹമാകുമെന്ന് കരുതി ഒമാനിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ അധികൃതർ പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അവധി ബാധകമാണ്. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളെ അവധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ ശഹീൻ ചുഴലിക്കാറ്റിെൻറ ആഘാതം കുറവായിരിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ഞായറാഴ്ച മുതലുള്ള ബസ്, ഫെറി സർവിസുകളും നിർത്തിവെച്ചതായി മുവാസലാത്ത് അറിയിച്ചു. എന്നാൽ, സലാലയിലെ സിറ്റി ബസ്, ഷന്ന-മസിറ റൂട്ടിൽ ഫെറി സർവിസും തുടരും.
അതേസമയം, ശഹീൻ ചുഴലിക്കാറ്റ് രാജ്യത്തേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് ഞായറാഴ്ച രാവിലെ ഒമാൻതീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു. കാറ്റിെൻറ പ്രഭവകേന്ദ്രം മസ്കത്ത് ഗവർണറേറ്റിെൻറ 320 കിലോമീറ്റർ അകലെ മാത്രമാണ്. ഇതിെൻറ ഭാഗമായുള്ള കാർമേഘകൂട്ടങ്ങൾ 100 കിലോമീറ്റർ അകലെ എത്തി. മണിക്കൂറിൽ 116 മുതൽ 150 കിലോമീറ്റർ വേഗതയിലാണ് കാറ്റിെൻറ സഞ്ചാരം.
കാറ്റിെൻറ പരോക്ഷ പ്രത്യാഘാതം ഇപ്പോൾ തന്നെ രാജ്യത്തിെൻറ പല ഭാഗങ്ങളിലും കണ്ട് തുടങ്ങിയിട്ടുണ്ട്. പലയിടത്തും മൂടിയ അന്തരീക്ഷമാണ്. ചാറ്റൽ മഴയും അനുഭവപെടുന്നുണ്ട്. വടക്കൻ ശർഖിയ, മസ്കത്ത് ഗവർണറേറ്റുകളിൽ അഞ്ച് മുതൽ ആറ് മീറ്റർ ഉയരത്തിലാണ് തിരമാലകൾ വീശിയടിക്കുന്നത്. മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ടെന്നും ഭക്ഷ്യ ഉൽപന്നങ്ങൾക്കും വെള്ളത്തിനും മറ്റും ദൗർലഭ്യം ഉണ്ടാവാൻ സാധ്യതയില്ലെന്നും അതിനാൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.