ഷഹീൻ ദുരന്തം: ഇൻഷുറൻസ് കമ്പനികൾക്ക് വൻ വെല്ലുവിളി
text_fieldsമസ്കത്ത്: കഴിഞ്ഞ ആഴ്ച ബാത്തിന ഗവർണറേറ്റിൽ അടക്കം നിരവധി മേഖലകളിൽ ആഞ്ഞടിച്ച ഷഹീൻ ദുരന്തം ഇൻഷുറൻസ് കമ്പനികൾക്ക് വൻ വെല്ലുവിളിയാവുന്നു. ചുഴലിക്കാറ്റിൽ ഇൻഷുറൻസ് പരിരക്ഷയുള്ള നൂറുകണക്കിന് വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയിരുന്നു. ഇത്തരം വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുന്നതും സാധാരണ നിലയിലാക്കുന്നതും ഇൻഷുറൻസ് കമ്പനികൾക്ക് വൻ സാമ്പത്തിക ചെലവ് വരുന്നതാണ്. അതോടൊപ്പം ഇൻഷുറൻസ് പരിരക്ഷയുള്ള മറ്റ് സ്ഥാപനങ്ങൾക്കും നഷ്്ടപരിഹാരം നൽകേണ്ടിവരും. വെള്ളപ്പൊക്ക പരിരക്ഷയിൽ വരുന്ന വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കുമൊക്കെയാണ് ഇൻഷുറൻസ് കമ്പനികൾ നഷ്്ടപരിഹാരം നൽകേണ്ടിവരുക. ഇൗ വിഭാഗത്തിൽപെട്ട വ്യാപാരസ്ഥാപനങ്ങൾ താരതമ്യേന കുറവാണ്. ഖദറ അടക്കമുള്ള മേഖലകളിൽ വൻ നാശനഷ്ടം സംഭവിച്ച പല സ്ഥപനങ്ങളും ഇത്തരം കവറേജുകളിൽ വരുന്നതല്ല. നിലവിൽ രണ്ടുതരം ഇൻഷുറൻസ് പരിരക്ഷകളാണ് വാഹനങ്ങൾക്ക് ലഭിക്കുന്നത്. ഫുൾ ഇൻഷുറൻസ് കവറേജ്, തേർഡ് പാർട്ട് കവറേജ്.
ഗോനു ദുരന്തത്തിന് ശേഷം വെള്ളപ്പൊക്കം അടക്കമുള്ള ദുരന്തങ്ങൾ ഉൾപ്പെടുന്ന എസ്.ടി.എഫ് ആനുകൂല്യങ്ങൾ ഫുൾ ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇൗ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഫുൾ ഇൻഷുറൻസ് കവറേജ് ആനുകൂല്യമുള്ളവരിൽനിന്ന് നിലവിൽ അധിക നിരക്കുകളൊന്നും കമ്പനികൾ ഇൗടാക്കുന്നില്ല. തേർഡ് പാർട്ട് ഇൻഷുറൻസുള്ള വാഹനങ്ങൾക്ക് ഇത്തരം ഒരു ആനുകുല്യങ്ങളും ലഭിക്കില്ല. നിലവിൽ മലയാളികൾ അടക്കമുള്ളവരുടെ വാഹനങ്ങൾക്ക് തേർഡ് പാർട്ട് ഇൻഷുറൻസാണുള്ളത്.
ഇത്തരം വാഹനങ്ങളുള്ളവർ വാഹനങ്ങൾ കേടുപാടുകൾ തീർക്കുന്നതിന് വൻ സംഖ്യ ചെലവിടേണ്ടി വരും. വ്യാപാര സ്ഥാപനങ്ങൾക്കും ഇൻഷുറൻസ് ഉണ്ടെങ്കിൽ പോലും നഷ്ടപരിഹാരം ലഭിക്കാൻ നിരവധി കടമ്പകളുണ്ട്. സ്ഥാപനത്തിന് ഇൻഷുറൻസ് ഉള്ളത് കൊണ്ട് മാത്രം വെള്ളപ്പൊക്ക നഷ്ടപരിഹാരം കിട്ടണമെന്നില്ല. സ്ഥാപനങ്ങൾക്ക് ഫയർ ഇൻഷുറൻസ് പരിരക്ഷ ഉണ്ടയിരിക്കണം.
ഇതിന് അധിക സംഖ്യയും അടച്ചിരിക്കണം. ഫയർ ഇൻഷുറൻസിൽ എസ്.ടി.എഫ് ഉൾപ്പെടുന്നുണ്ടെങ്കിലാണ് വെള്ളപ്പൊക്ക ആനുകൂല്യം ലഭിക്കുക. ഇതിന് പ്രീമിയം കവറേജിന് ഉള്ളിൽ വരുന്ന സംഖ്യ മാത്രമാണ് ആനുകൂല്യം ലഭിക്കുക. അധികൃതർ വന്ന് നഷ്ടം കണക്കാക്കുകയും സ്ഥാപനത്തിെൻറ സ്റ്റോക്ക്, വിറ്റുവരവ് കണക്കുകളും കേടുവന്ന ഉൽപന്നങ്ങളുടെ വിലയും ഒക്കെ തിട്ടപ്പെടുത്തിയാണ് നഷ്ടപരിഹാരം ലഭിക്കുക. നിലവിൽ ഹദറ അടക്കമുള്ള ദുരന്തമേഖലകളിൽ മലയാളികൾ നടത്തുന്ന നിരവധി സ്ഥാപനങ്ങൾ വെള്ളപ്പൊക്കത്തിൽ പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.