ശൈഖ് നവാഫ്; ഒമാനുമായി ഉറ്റബന്ധം പുലർത്തിയ രാഷ്ട്രത്തലവൻ
text_fieldsമസ്കത്ത്: ശനിയാഴ്ച വിടപറഞ്ഞ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബഹ് ഒമാനുമായി ഉറ്റബന്ധം പുലർത്തിയ രാഷ്ട്രതലവനായിരുന്നു. രാജ്യത്തെ നവീനമായ വികസന പദ്ധതികൾ ആവിഷ്കരിച്ച് പുരോഗതിയിലേക്കു നയിക്കുന്ന നേതാവ് കൂടിയായിരുന്നു ശൈഖ് നവാഫ്.
2020 സെപ്തംബർ 30ന് കുവൈത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്തത് മുതൽ നിരവധി നവീന പദ്ധതികൾ അദ്ദേഹം ആവിഷ്ക്കരിച്ചിരുന്നു. 1921 മുതൽ 1950 വരെ കൂവൈത്ത് അമീറായിരുന്ന ശൈഖ് അഹമദ് ജാബിർ അൽ സബാഹിന്റെ ആറാമത്തെ മകനും അൽ സബാ കുടുംബത്തിലെ 16 ാമത്തെ അമീറുമായിരുന്നു ശൈഖ് നവാഫ്. 1937 ജൂണിൽ കുവൈത്ത് സിറ്റിയിലാണ് ജനിച്ചത്.
ഒമാനുമായി വിവിധ മേഖലകളിൽ ആഴത്തിലുള്ള സഹൃദ ബന്ധമാണ് ശൈഖ് നവാഫിന്റെ കുവൈത്ത് വെച്ചു പുലർത്തിയിരുന്നത്. എല്ലാ ഔദ്യോഗിക മേഖലകളിലും ഈ ബന്ധം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. സാമ്പത്തികം, വ്യാപാരം, വാണിജ്യം, ഊർജ്ജം, ഗതാഗതം, വാർത്താവിനിമയം, സാങ്കേതിക വിദ്യ, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, കൃഷി, മത്സ്യബന്ധനം, തൊഴിലടക്കമുള്ള മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരിക്കുന്നത്.
ശൈഖ് നവാഫിന്റെ ഭരണകാലത്ത് ഒമാനും കുവൈത്തും തമ്മിലുള്ള പരസ്പര സഹകരണവും ബന്ധവും കൂടുതൽ ശക്തമാക്കാൻ അദ്ദേഹം മുൻകയ്യെടുത്തിരുന്നു. ഈ സഹകരണം ഇരു രാജ്യങ്ങൾക്കുമിടയിൽ ഏറെ പ്രയോജനം ചെയ്യുമെന്ന് അമീർ വിശ്വസിച്ചിരുന്നു.
ബന്ധങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്ത് ഒമാൻ സംയുക്ത സമിതി നിലവിലുണ്ടായിരുന്നു. കുവൈത്ത് അമീറിന്റെയും ഒമാൻ സുൽത്താന്റെയും നിർദ്ദേശത്തിന്റെ വെളിച്ചത്തിൽ കഴിഞ്ഞ മാർച്ചിൽ മസ്കത്തിൽ ഈ സമിതിയോഗം ചേർന്നിരുന്നു.
ഒമാൻ വിദേശകാര്യ മന്ത്രിയും കുവൈത്ത് വിദേശ കാര്യ മന്ത്രിയുമായിരുന്നു ഇരുരാജ്യങ്ങളെയും പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. മേഖലയിലും ലോകത്തും സ്ഥിരതയും സമാധാനവും നിലനിർത്താൻവേണ്ടി എടുക്കുന്ന എല്ലാ ശ്രമങ്ങൾക്കും ഇരുരാജ്യ ങ്ങളും പൂർണ പിന്തുണ പ്രഖ്യാപിച്ചത് ഇരു രാജ്യങ്ങളുടെ സമാധാന നയങ്ങളുടെ മികച്ച ഉദാഹരണമാണ്. അന്നുനടന്ന യോഗത്തിൽ സൗദി അറേബ്യയും ഇറാനും ചൈനയുടെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ശ്രമങ്ങളെയും സ്വാഗതം ചെയ്തിരുന്നു.
മസ്കത്ത് ഇന്ത്യൻ സ്കൂളിന് അവധി
മസ്കത്ത്: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ വേർപാടിൽ അനുശോചിച്ച് മസ്കത്ത് ഇന്ത്യൻ സ്കൂളിലെ എൽ.കെ.ജി മുതൽ 12വരെയുള്ള ക്ലാസുകൾക്ക് തിങ്കളാഴ്ചവരെ അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ രാഗേഷ് ജോഷി അറിയിച്ചു. ചൊവ്വാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കും. തിങ്കളാഴ്ച നടത്താനിരുന്ന പത്താംക്ലാസുകാരുടെ ഓൺലൈൻ പേരന്റ് ഓറിയന്റേഷൻ പരിപാടിയും മാറ്റിവെച്ചു. പുതിയ തീയ്യതി പിന്നീട് അറിയിക്കും.
ഞായർ, തിങ്കൾ ദിവസങ്ങളിൽ പന്ത്രണ്ടാംക്ലാസിൽ നടത്താനിരുന്ന മോക്ക് പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയ്യതിയും സമയക്രമവും ക്ലാസ് ടീച്ചർമാർ അറിയിക്കും. വാർഷിക ആർട്ട് എക്സിബിഷൻ ‘വിന്റർ സ്ട്രോക്ക്സ് 2023’ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുമെന്നും പ്രസിൻസിപ്പൽ വ്യക്തമാക്കി. മറ്റ് ഇന്ത്യൻ സ്കൂളുകളിൽ പലതും ക്രിസ്മസ് അവധിയുടെ ഭാഗമായി അടച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.