സലാല തുറമുഖത്ത് അപകടം: നാലു ഗുജറാത്ത് സ്വദേശികൾ മരിച്ചു
text_fieldsമസ്കത്ത്: സലാല തുറമുഖത്ത് ഉണ്ടായ അപകടത്തിൽ നാലു ഗുജറാത്ത് സ്വദേശികൾ മരിച്ചു. ഉരു വൃത്തിയാക്കാൻ ഇറങ്ങിയവരാണ് മരണപ്പെട്ടത്. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് കരുതുന്നു. അഹ്മദാബാദ് സ്വദേശി മോസിം ജാബറാണ് മരിച്ചവരിൽ ഒരാൾ. മറ്റുള്ളവരുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല. ഗ്വാളിസ് എന്ന കമ്പനിയുടെ ജീവനക്കാരാണ് മരണപ്പെട്ടവർ.
കഴിഞ്ഞ മേയ് അവസാനം സലാലയിൽ വീശിയടിച്ച മെകുനു ചുഴലിക്കാറ്റിൽ സലാല തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇന്ത്യൻ ഉടമസ്ഥതയിലുള്ള നിരവധി ഉരുക്കൾ മുങ്ങിയിരുന്നു. ഇങ്ങനെ മുങ്ങിയവയിൽ ഒന്നായ അൽ വലീദ് വ്യാഴാഴ്ച വൈകീട്ട് കടലിൽനിന്ന് വീണ്ടെടുത്തിരുന്നു. ഇത് വൃത്തിയാക്കാൻ താഴെ തട്ടിലേക്ക് ഇറങ്ങിയവരാണ് അപകടത്തിൽ പെട്ടത്. ആദ്യം ഒരാളാണ് ഇറങ്ങിയത്.
പിന്നാലെ മറ്റുള്ളവരും ഇറങ്ങുകയായിരുന്നു. വ്യാഴാഴ്ച വൈകീേട്ടാടെയാണ് ഇവർ ഉള്ളിൽ കുടുങ്ങിയതെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച രാവിലെ സിവിൽ ഡിഫൻസ് എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. ചുഴലിക്കാറ്റിൽ മുങ്ങിയ ഉരുക്കൾ കടലിൽനിന്ന് വീണ്ടെടുക്കുന്ന ജോലികൾ ഏതാനും നാളുകളായി നടന്നുവരുകയാണ്. ഇതിനിടയിലാണ് ദാരുണ ദുരന്തമുണ്ടായത്. ആഫ്രിക്കൻ രാഷ്ട്രങ്ങളിലേക്ക് സാധനങ്ങളെത്തിക്കുന്നതിനുള്ള നിരവധി ഉരുക്കളാണ് സലാല തുറമുഖം കേന്ദ്രമായി പ്രവർത്തിക്കുന്നത്. ഇവയിൽ പലതും ഇന്ത്യൻ ഉടമസ്ഥതയിലുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.