ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ്; പ്രചാരണം സുഗമമാക്കാൻ ‘മൈ പേജ്’ പുറത്തിറക്കി
text_fieldsമസ്കത്ത്: ഇൻതിഖാബ് ആപ്പിന്റെയും ശൂറ കൗൺസിലിന്റെ തെരഞ്ഞെടുപ്പ് വെബ്സൈറ്റിന്റെയും (elections.com) ഭാഗമായി ആഭ്യന്തര മന്ത്രാലയം ‘മൈ പേജ്’എന്ന പേരിൽ ഇലക്ട്രോണിക് പൊതുസേവനം ആരംഭിച്ചു. പത്താം ടേം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് ഈ പുതിയ സേവനം സഹായകമാകും.
‘മൈ പേജി’ലൂടെ സ്ഥാനാർഥികൾക്ക് സ്വകാര്യ വിവരങ്ങൾ പ്രദർശിപ്പിക്കുകയും അംഗീകൃത തെരഞ്ഞെടുപ്പ് പ്രചാരണ ചട്ടങ്ങൾക്ക് അനുസൃതമായി ഫോട്ടോകളും വിഡിയോകളും പോസ്റ്റുകളും പ്രസിദ്ധീകരിക്കാനും കഴിയും. ഈ സേവനം വോട്ടർമാർക്ക് സ്ഥാനാർഥികളുടെ പട്ടിക കാണാനും അവരുടെ അപ്ഡേറ്റുകൾ പിന്തുടരാനും സംവദിക്കാനും ഉള്ളടക്കത്തിൽ അഭിപ്രായമിടാനും കഴിയും. പുതിയ സംവിധാനത്തിലൂടെ വോട്ടർമാർക്ക് സ്ഥാനാർഥികളെ അറിയാനുള്ള സുതാര്യമായ അവസരമാണ് പ്രദാനം ചെയ്യുന്നതെന്ന് ട്രാൻസ്പോർട്ട്, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അണ്ടർ സെക്രട്ടറിയും പത്താം ടേമിലേക്കുള്ള ശൂറ കൗൺസിൽ തെരഞ്ഞെടുപ്പിനുള്ള ടെക്നിക്കൽ കമ്മിറ്റി ചെയർമാനുമായ ഡോ. അലി ബിൻ അമർ അൽ ഷൈതാനി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെയും വോട്ടർമാരുടെയും പങ്കാളിത്തം സുഗമമാക്കുന്നതിനാണ് ഇത്തരം സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്ടറൽ രജിസ്റ്റർ പ്രോജക്ട് ഡയറക്ടർ അഹമ്മദ് ബിൻ അബ്ദുല്ല അൽ മമാരി പറഞ്ഞു. ‘മൈ പേജ്’ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ വോട്ടർമാരുമായി കൂടുതൽ ഇടപഴകാൻ സ്ഥാനാർഥികളെ പ്രാപ്തരാക്കും. അതേസമയം വോട്ടർമാർക്ക് സ്ഥാനാർഥികളുമായി ആശയവിനിമയം നടത്താനും അവരെക്കുറിച്ച് പഠിക്കാനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ഷൻ മെയിൻ കമ്മിറ്റി ചെയർമാനും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിയുമായ ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, ഇലക്ഷൻ സുപ്രീംകമ്മിറ്റിയുടെ തലവനും സുപ്രീംകോടതി ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അൽ മുഖ്താർ അബ്ദുല്ല അൽ ഹർത്തി, ആഭ്യന്തര മന്ത്രാലയം സെക്രട്ടറി ജനറൽ സയ്യിദ് ഖലീഫ അൽ മുർദാസ് അൽ ബുസൈദി, വാർത്താവിതരണ മന്ത്രാലയം അണ്ടർ സെക്രട്ടറിയും മീഡിയ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ സഈദ് അൽ ബലൂഷി എന്നിവർ ലോഞ്ചിങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.