ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsമസ്കത്ത്: ശൂറ കൗൺസിൽ പത്താം ടേമിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വോട്ടെടുപ്പിൽ 7,53,000 ആളുകൾ സമ്മതിദാനം നിർവഹിക്കും.
ഒമാനിന് പുറത്തുള്ള വോട്ടർമാർ ഒക്ടോബർ 22നും രാജ്യത്തിനകത്തുള്ളവർ 29നുമാണ് വോട്ടുചെയ്യുക. ഇലക്ട്രോണിക് വോട്ടിങ്ങിലൂടെയാണ് സമ്മതിദാനം നിർവഹിക്കുക. ഇത് ആദ്യമായിട്ടാണ് രാജ്യത്ത് ശൂറ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇ-വോട്ടിങ് രീതി നടപ്പാക്കുന്നത്. ഇത്തിഖാബ് ആപ്ലിക്കേഷനിലൂടെ വോട്ടർമാരുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്.
ഇൻതിഖാബ് ആപ്പിലൂടെ വോട്ട് ചെയ്യാനായി നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) സവിശേഷതയുള്ള സ്മാർട്ട്ഫോൺ, ഇന്റർനെറ്റ് കണക്ഷൻ, സാധുവായ ഐ.ഡി കാർഡ് എന്നിവ ആവശ്യമാണ്. ഇലക്ടറൽ രജിസ്റ്ററിൽ വോട്ടർമാർ രജിസ്റ്റർ ചെയ്യുകയും വേണം.ഏറ്റവും ഉയർന്ന സുരക്ഷയും രഹസ്യസ്വഭാവവും ഉള്ളതാണ് വോട്ടിങ് ആപ്ലിക്കേഷൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണപരവും സാങ്കേതികവും നിയമപരവും മാധ്യമപരവുമായ ഒരുക്കങ്ങൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബന്ധപ്പെട്ട അധികാരികളുമായുള്ള ഏകോപനത്തിലും സംയോജനത്തിലും പദ്ധതികളും പ്രവർത്തന സംവിധാനങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകൾ, രീതികൾ, ആപ്ലിക്കേഷനുകൾ എന്നിവയിൽ നിരവധി മെച്ചപ്പെടുത്തലുകളും അപ്ഡേറ്റുകളും മന്ത്രാലയം അവതരിപ്പിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പൗരന്മാർക്ക് ബോധവത്കരണ സന്ദേശങ്ങളും അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.