വൈദ്യുതി, ജലനിരക്ക് വർധന നീട്ടിവെക്കണമെന്ന് ശൂറ കൗൺസിൽ
text_fieldsമസ്കത്ത്: വൈദ്യുതി, ജലനിരക്ക് വർധന നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ശൂറ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജനുവരി ഒന്ന് മുതലാണ് നിരക്കുവർധന നടപ്പാക്കാനിരിക്കുന്നത്. അടുത്തവർഷം മുതൽ ആരംഭിക്കുന്ന പത്താം പഞ്ചവത്സര പദ്ധതിയുടെ ധനകാര്യ ചട്ടക്കൂട് പ്രകാരം, വൈദ്യുതി മേഖലയുടെ പുനഃക്രമീകരണം പൂർത്തിയാകുന്നതുവരെ നിരക്കു വർധന നീട്ടിവെക്കണമെന്നാണ് തിങ്കളാഴ്ച നടന്ന ശൂറ കൗൺസിൽ യോഗം ആവശ്യപ്പെട്ടത്.
വൈദ്യുതി, ജല മേഖലയിലെ അഡ്മിനിസ്ട്രേറ്റിവ് ചെലവുകൾ കുറക്കുന്നതിെൻറ ഭാഗമായി ഇൗ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വേതനം പുനർനിർണയം ചെയ്യണമെന്നും ശൂറ കൗൺസിൽ ആവശ്യപ്പെട്ടു. സർക്കാറുമായി കരാറിലേർപ്പെട്ടിരിക്കുന്ന വൈദ്യുതി, ജല കമ്പനികളുടെ ഉൽപാദന, വിതരണ ചെലവുകളുടെ അവലോകനം നടത്തണം. ഒപ്പം ഇൗ മേഖലയിലെ സർക്കാർ കമ്പനികളുടെ പ്രവർത്തന ചെലവും നിർണയിക്കണം. വൈദ്യുതോൽപാദന കമ്പനികളുമായുള്ള ഉൽപാദന കരാറുകളും ധാരണകളും പുനരവലോകനം ചെയ്യണമെന്നും ശൂറ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ആവശ്യത്തിനനുസരിച്ച് മാത്രം ഉൽപാദനമെന്ന രീതിയിലേക്കാണ് കരാറുകൾ പുനരവലോകനം ചെയ്യേണ്ടത്. ഇത്തരം നടപടികൾ സ്വീകരിക്കുക വഴി വൈദ്യുതി മേഖലയിലെ സർക്കാർ ചെലവുകൾ കുറക്കാൻ കഴിയുമെന്നും ശൂറ കൗൺസിൽ വിലയിരുത്തി. ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഹിലാൽ മഅ്വാലിയുടെ അധ്യക്ഷതയിലാണ് ശൂറ കൗൺസിൽ യോഗം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.