സിദ്ദിക് ഹസന്റെ പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും
text_fieldsമസകത്ത്: ഒമാനിലെ സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി മുൻ പ്രസിഡന്റും ലോക കേരളസഭാംഗവുമായ സിദ്ദിക് ഹസൻ രചിച്ച പുസ്തകം 'കേരളത്തിന്റെ നൂറ് നവോത്ഥാന നായകർ' പ്രകാശനത്തിനൊരുങ്ങുന്നു. ഷാർജ അന്തർദേശീയ പുസ്തകമേളയിൽ നവംബർ 11ന് രാവിലെ പത്തരക്ക് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല , യു.ഡി.എഫ് കൺവീനർ എം.എം. ഹസന് നൽകി പ്രകാശനം നിർവഹിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട് പള്ളിക്കര സ്വദേശിയായ സിദ്ദിക് ഹസന്റെ ആദ്യത്തെ പുസ്തകമാണിത്. ശ്രീനാരായണ ഗുരു, അയ്യൻകാളി തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കൾക്കൊപ്പം കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹിക-കലാരംഗത്ത് മാറ്റങ്ങൾ കൊണ്ടുവന്ന 100 വ്യക്തികളെ കുറിച്ചുള്ള ലഘുവിവരണമാണ് ഈ പുസ്തകം. ഇത്തരമൊരു അന്തർദേശീയ വേദിയിൽ പുസ്തകം പ്രകാശിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും സിദ്ദിക് ഹസൻ പറഞ്ഞു. ലിപി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. ഷാർജ പുസ്തകോത്സവത്തിൽ ഹാൾ നമ്പർ ഏഴിൽ സ്റ്റാൾ നമ്പർ സെഡ്.ഇയിൽ ആണ് ലിപി പബ്ലിക്കേഷൻസിന്റെ ഹാൾ പ്രവർത്തിക്കുന്നത്. മേളക്കുശേഷം ഒമാനിലും സുഹൃത്ത് സദസ്സിൽ പ്രകാശനം നടത്തും. ജനുവരിയിൽ ഒമാനിൽ നടക്കുന്ന ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ പുസ്തകോത്സവത്തിൽ പുസ്തകം ലഭ്യമാക്കും. ഒമാനിലെയും സൗദി അറേബ്യയിലെയും മുപ്പതു വർഷക്കാലത്തെ പ്രവാസ അനുഭവങ്ങളിൽനിന്നുള്ള മറ്റൊരു പുസ്തകത്തിന്റെ രചനയിലാണ് സിദ്ദിക് ഹസൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.