സിദ്ദിക്ക് ഹസ്സനെ കോൺഗ്രസിൽ തിരിച്ചെടുത്തു
text_fieldsമസ്കത്ത്: ഒ.ഐ.സി.സി മുൻ നാഷനൽ കമ്മിറ്റി അധ്യക്ഷൻ സിദ്ദിക്ക് ഹസ്സനെതിരായ അച്ചടക്കനടപടി പിൻവലിച്ച് പാർട്ടിയിൽ തിരിച്ചെടുത്തതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. ഇത് സംബന്ധിച്ച കത്ത് ഒ.ഐ.സി.സി /ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, സിദ്ദിക്ക് ഹസ്സൻ എന്നിവർക്ക് കൈമാറി. ഖേദ പ്രകടനം നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചതെന്ന് കത്തിൽ പറയുന്നു.
സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മാസങ്ങൾക്കു മുമ്പണ് സിദ്ദിക്ക് ഹസ്സനെ അച്ചടക്ക നടപടിക്ക് വിധേയനാക്കിയത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പാർട്ടിയെയും സംഘടനയെയും ശക്തിപ്പെടുത്തുക എന്നതിന്റെ ഭാഗമായി പാർട്ടി വിട്ടവരെയും അച്ചടക്ക നടപടി നേരിട്ടവരെയും തിരികെ എത്തിക്കുക എന്നതിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളായ ബെന്നി ബെഹനാൻ എം.പി, കെ.സി. ജോസഫ് എന്നിവർ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സിദ്ദിക്ക് ഹസ്സനെ പാർട്ടിയിൽ തിരിച്ചെടുക്കാൻ തീരുമാനമായത്.
ജി.സി.സി രാജ്യങ്ങളിൽനിന്നടക്കം ആഗോളതലത്തിൽ ഒ.ഐ.സി.സി/ഇൻകാസിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കാനുള്ള കെ.പി.സി.സി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാനായി ഇവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ തിരിച്ചെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതായും അതിനായി സഹായിച്ച ബെന്നി ബെഹന്നാൻ, കെ.സി. ജോസഫ് ഉൾപ്പടെ എല്ലാ നേതാക്കൾക്കും നന്ദി അറിയിക്കുന്നതായും സിദ്ദിക്ക് ഹസ്സൻ പറഞ്ഞു.
ഓർമവെച്ച നാൾ മുതൽക്കുതന്നെ കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. പാർട്ടി നടപടി എടുത്തപ്പോൾപോലും വാക്കുകൊണ്ട് പോലും പാർട്ടിയെ തള്ളി പറഞ്ഞിട്ടില്ല. പാർട്ടിയോടുള്ള ആത്മാർഥത മനസ്സിലാക്കി തിരിച്ചെടുത്തതിൽ ഏറെ അഭിമാനമുണ്ടെന്നും സിദ്ദിക്ക് പറഞ്ഞു. പാർട്ടി അച്ചടക്ക നടപടി നേരിട്ടു എങ്കിലും കോൺഗ്രസ്-യു.ഡി.എഫ് വേദികളിൽ സജീവമായിരുന്നു സിദ്ദിക്ക്. തൃക്കാക്കകര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്തു പാർട്ടി സ്ഥാനാർഥികൾക്ക് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.