ഭക്ഷ്യസുരക്ഷയും സാമ്പത്തിക വളർച്ചയും വർധിപ്പിക്കാൻ സിലാൽ സെൻട്രൽ മാർക്കറ്റ്
text_fieldsമസ്കത്ത്: ബർക്ക വിലായത്തിലെ കസാഈൻ ഇക്കണോമിക് സിറ്റിയിൽ പരീക്ഷണാർഥത്തിൽ പ്രവർത്തനം തുടങ്ങിയ ‘സിലാൽ’ പഴം-പച്ചക്കറി സെൻട്രൽ മാർക്കറ്റിലെ പ്രധാന പങ്കാളികളുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കൂടിക്കാഴ്ച നടത്തി.
വിവിധ സ്ഥാപനങ്ങൾ തമ്മിലെ സഹകരണം വളർത്താനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുമാണ് യോഗം ലക്ഷ്യമിട്ടത്. വിതരണക്കാർ, പഴങ്ങളുടെയും പച്ചക്കറികളുടെയും മൊത്തവ്യാപാര ഡീലർമാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതായി യോഗം. ജനറൽ ഡയറക്ടറേറ്റ് ഓഫ് കൺസ്യൂമർ സർവിസസ് ആൻഡ് മാർക്കറ്റ് സർവൈലൻസ് ഡയറക്ടർ ജനറൽ വാലിദ് ബിൻ അലി അൽ റവാഹിയുടെ നേതൃത്വത്തിലായിരുന്നു യോഗം.
നിലവിലെ സഹകരണം ശക്തിപ്പെടുത്തുക, വെല്ലുവിളികളെ അഭിമുഖീകരിക്കുക, പൊതുജനങ്ങൾക്ക് പ്രയോജനകരമാകുന്ന പരിഹാരങ്ങൾ നിർദേശിക്കുക എന്നീ കാര്യങ്ങളിൽ ഊന്നിയുള്ള ചർച്ചകളും നടന്നു. സിലാൽ സെൻട്രൽ മാർക്കറ്റിലെ വിതരണക്കാരെയും ഉപഭോക്താക്കളെയും പിന്തുണക്കുന്നതിനുള്ള പ്രതിബദ്ധത അതോറിറ്റി അറിയിക്കുകയും ചെയ്തു.
പ്രധാന ദേശീയ പദ്ധതികളിലൊന്നാണ് സിലാൽ സെൻട്രൽ മാർക്കറ്റ്. ഭക്ഷ്യസുരക്ഷ മേഖലയിൽ കസാഈൻ ഇക്കണോമിക് സിറ്റിയുടെ പങ്ക് എടുത്തുകാട്ടുന്നതാണ് പുതിയ പഴം-പച്ചക്കറി സെൻട്രൽ മാർക്കറ്റ്.
പഴങ്ങളുടെയും പച്ചക്കറികളുടെയും വിപണനം, കയറ്റുമതി, ഇറക്കുമതി, പുനർ കയറ്റുമതി എന്നിവക്കുള്ള പ്രധാന പ്ലാറ്റ്ഫോമായി മാർക്കറ്റ് പ്രവർത്തിക്കും. ഉൽപാദിപ്പിക്കുന്ന കമ്പനികളിൽനിന്നും കർഷകരിൽ നിന്നുമുള്ള പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ പ്രധാന വിപണന കേന്ദ്രമായും മാർക്കറ്റ് മാറും.
തുറന്ന ദിവസം ഒമാനിലെ വിവിധ ഭാഗങ്ങളിൽനിന്ന് 600ഉം അന്താരാഷ്ട്ര തലത്തിൽനിന്ന് 68ഉം ട്രക്കുകൾ ഒരൊറ്റ പരിശോധനാ പ്ലാറ്റ്ഫോം വഴി മാർക്കറ്റിൽ എത്തി.
വിപണി നിയന്ത്രിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത അതോറിറ്റി ആവർത്തിക്കുകയും അനധികൃത വിലവർധനവിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. സിലാൽ സെൻട്രൽ മാർക്കറ്റിലെ അതോറിറ്റിയുടെ ഓഫിസ് വിതരണക്കാരെ പിന്തുണക്കുന്നതിനും വിപണിയുടെ ചലനാത്മകത നിരീക്ഷിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി.
പഴം-പച്ചക്കറി വിപണന മേഖലയിൽ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും പ്രാദേശിക അധിക മൂല്യത്തോടെ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ദേശീയ സംരംഭമാണ് സിലാൽ സെൻട്രൽ മാർക്കറ്റെന്ന് കസഈൻ ഇക്കണോമിക് സിറ്റി സി.ഇ.ഒ സലേം ബിൻ സുലൈമാൻ അൽ ദഹ്ലി പറഞ്ഞു. യോഗത്തിൽ സ്ഥിരമായ ഉൽപന്ന ലഭ്യത ഉറപ്പാക്കുന്നതിനെയും ചൂഷണം തടയുന്നതിനെയും കുറിച്ച് ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.