കാഴ്ചയുടെ വസന്തം വിരിയിച്ച് ‘സിനിമാന’ ഫിലിം ഫെസ്റ്റിവലിന് തുടക്കം
text_fieldsമസ്കത്ത്: അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ‘സിനിമാന’യുടെ നാലാമത് പതിപ്പിന് തുടക്കമായി. മസ്കത്ത്, മുസന്ദം ഗവർണറേറ്റുകളിലാണ് ഇത്തവണ മേള നടക്കുന്നത്. ആറുദിവസം നീളുന്ന പരിപാടി പൈതൃക, ടൂറിസം മന്ത്രി സലേം ബിൻ മുഹമ്മദ് അൽ മഹ്റൂഖി ഉദ്ഘാടനം ചെയ്തു. മസ്കത്ത് ഗവർണറേറ്റിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്കൗട്ട് ബാൻഡിന്റെ വേദിയിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഫെസ്റ്റിവലിന്റെ സംഘാടക സമിതി ചെയർമാനും അറബ് കലാകാരന്മാരുടെ ജനറൽ യൂനിയൻ വൈസ് പ്രസിഡന്റുമായ ഡോ. ഖാലിദ് ബിൻ അബ്ദുറഹീം അൽ സദ്ജലി സംസാരിച്ചു. കലാകാരന്മാരായ ദുറൈദ് ലഹാം, താരിഖ് അബ്ദുൽ അസീസ്, അകെഫ് നജ്ം, നിർമാതാക്കൾ സ്പോൺസർമാർ എന്നിവരെ മന്ത്രി ആദരിച്ചു.
മുസന്ദത്തെ സ്പോർട്സ് ക്ലബിലാണ് മേളകൾ നടക്കുന്നത്. രണ്ട് സ്ഥലങ്ങളിലുമായി ഒമാൻ, സിറിയ, തുനീഷ്യ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഇറാൻ, ബഹ്റൈൻ, സെർബിയ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള 120 ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. അറബ് സിനിമയെ പ്രോത്സാഹിപ്പിക്കുക, അറബ് ലോകത്തിന്റെ സംസ്കാരവും പാരമ്പര്യവും വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ‘സിനിമാനയുടെ’ സ്ഥാപിത ലക്ഷ്യമെന്ന് അറബ് കലാകാരന്മാരുടെ ജനറൽ യൂനിയൻ വൈസ് പ്രസിഡന്റ് ഖാലിദ് സദ്ജലി പറഞ്ഞു.
‘സാംസ്കാരിക വികസനത്തിൽ സോഷ്യൽ മീഡിയയുടെ പങ്ക്’ വിഷയത്തിൽ നടക്കുന്ന സിമ്പോസിയം ഈ വർഷത്തെ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. വിദഗ്ധർക്കൊപ്പം ഒമാനിൽനിന്നും അറബ് രാജ്യങ്ങളിൽനിന്നുമുള്ള നിരവധി സോഷ്യൽ മീഡിയ സ്വാധീനമുള്ളവരും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും.
ഫെസ്റ്റിവലിന്റെ മത്സര വിഭാഗങ്ങളിൽ ഡോക്യുമെന്ററികൾ, ഷോർട്സ്, ഫീച്ചർ, ആനിമേഷൻ സിനിമകൾ എന്നിവ പ്രദർശിപ്പിക്കും. ഡയലോഗ് ഡെലിവറി, സാങ്കേതിക പരിജ്ഞാനം, അഭിനയം തുടങ്ങിയ വിഷയങ്ങളിൽ ശിൽപശാലകളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.