മവേല സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ചെറുകിട വ്യാപാരം നിലനിർത്തും
text_fieldsമസ്കത്ത്: മവേല പഴം, പച്ചക്കറി സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ചെറുകിട വ്യാപാരം നിലനിർത്തുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നേരത്തേ മാർക്കറ്റിന്റെ മുഴുവൻ പ്രവർത്തനവും ബർക്കയിലെ കസഈനിലേക്കു മാറ്റുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ, ഒമാനികളടക്കമുള്ള ഉപഭോക്താക്കളുടെ അഭ്യാർഥന പരിഗണിച്ചാണ് റീട്ടെയില്‍ വ്യാപാരം തുടരാൻ മസ്കത്ത് മുനിസിപ്പാലിറ്റി തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. മാർക്കറ്റിന്റെ നിലവിലെ സ്ഥിതിയിൽതന്നെ കച്ചവടം നടത്താമെന്നാണ് വ്യാപാരികളെ നഗരസഭ അറിയിച്ചിരിക്കുന്നത്. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ച ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെയാകും മാര്‍ക്കറ്റിന്റെ പ്രവർത്തന സമയം. ചെറിയ വാഹനങ്ങള്‍ക്ക് ഗേറ്റ് നമ്പര്‍ രണ്ട് വഴി മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, മാർക്കറ്റിന്റെ ഹോൾസെയിൽ പ്രവർത്തനം ഇന്നത്തോടെ അവസാനിപ്പിക്കും. ശനിയാഴ്ച മുതൽ ഖസാഈനിലെ പുതിയ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിൽ (സിലാൽ) ആയിരിക്കും പ്രവർത്തിക്കുക. ഇതനുസരിച്ചുള്ള നടപടിക്രമങ്ങൾ വ്യാപാരികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൊത്ത വ്യാപാര മാർക്കറ്റ് യൂനിറ്റുകളുടെ കോൾഡ് സ്റ്റോറുളും കേന്ദ്ര കോൾഡ് സ്റ്റോറും ഉള്ളി ഷെഡുകളും ഉരുളക്കിഴങ്ങ് ഷെഡുകളും കാര്യ നിർവഹന ഓഫിസുകളും ബുക്ക് ചെയ്ത സ്ഥാപനങ്ങൾക്ക് അധികൃതർ കൈമാറിയിട്ടുണ്ട്.
ഖസാഇനിൽ ആധുനിക സംവിധാനത്തോടെയും കൂടുതൽ സൗകര്യങ്ങളോടെയുമാണ് മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ പകുതി പേരുടെയും മാര്‍ക്കറ്റ് ആവശ്യങ്ങളെ നിറവേറ്റാന്‍ പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റിലൂടെ സാധിക്കും. അഞ്ച് ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പൂര്‍ണമായും ശീതീകരിച്ച മാര്‍ക്കറ്റ് ദേശീയ നിലവാരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
വിവിധ പച്ചക്കറികളും പഴങ്ങളും ശീതീകരിച്ചും ഉണക്കിയും സൂക്ഷിക്കാനുള്ള വിശാല സൗകര്യം സെന്‍ട്രല്‍ മാര്‍ക്കറ്റിലുണ്ട്. മികച്ച സൗകര്യങ്ങളുള്ള പുതിയ സ്ഥലത്തേക്ക് മാറാനുള്ള നീക്കത്തെ ഉപഭോക്താക്കൾ സ്വാഗതം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.