തണുപ്പുതേടി പാമ്പുകളെത്തും; വേണം ജാഗ്രത
text_fieldsമസ്കത്ത്: ചൂടു കൂടിയതോടെ തണുത്ത ഇടങ്ങളിലും വീടുകളിലും താമസ ഇടങ്ങളിലുമെത്തുന്ന പാമ്പുകളൂടെ ശല്യം ഒഴിവാക്കൻ മസ്കത്ത് മുനിസിപ്പാലിറ്റി. ഒമാനിലെ പച്ചപ്പുകളിലും പുൽ ചെടികളിലും മരുഭൂമികളിലും കുറ്റിക്കാടുകളിലുമൊക്കെ നിരവധി ഇനം പാമ്പുകളുണ്ട്. കടും ചൂട് എത്തിയതോടെ ഇവകൾക്ക് ഇത്തരം ആവാസ കേന്ദ്രങ്ങളിൽ തങ്ങാൻ പറ്റാതെ വരുകയാണ്. ഒമാനിൽ നല്ല ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ചില ഇടങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയിരുന്നു. ചൂട് ശക്തി പ്രാപിച്ചതോടെ വീടുകളിൽ എത്തുന്ന പാമ്പുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
പാർക്കുകളോടും മറ്റും ചേർന്ന്നിൽക്കുന്ന താമസ ഇടങ്ങളിലാണ് ഇവ കൂടുതൽ എത്തുന്നത്. കുളി മുറികൾക്കും മറ്റ് ജലം ലഭിക്കുന്ന ഇടങ്ങളിലുമാണ് ഇവ കൂടുതൽ കാണപ്പെടുന്നത്. ചൂടിൽനിന്ന് രക്ഷപ്പെടാൻ തണുപ്പ് ലഭിക്കുന്ന ഇടങ്ങളിൽ തൂങ്ങിക്കിടക്കുന്നവയും നിരവധിയാണ്. ഉഷ്ണമേഖല പ്രദേശമായതിനാൽ ഒമാനിൽ കണ്ട് വരുന്ന പാമ്പുകൾക്ക് വിഷശക്തി കൂടുതലാണ്. ഇവയുടെ കടിയേറ്റാൽ ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാവുമെന്ന് ഉറപ്പാണ്. അതിനാൽ പമ്പുകൾ എത്താൻ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഉഷ്ണമേഖല പ്രദേശങ്ങളിലെ പാമ്പുകളെപോലെ തേളുകൾ അടക്കമുള്ള ജീവികളും അപകട കാരികളാണ്. പാമ്പുകൾ ഉള്ള മേഖലകളിൽ നിന്ന് ജനങ്ങൾ മാറിനിൽക്കണമെന്നും കുട്ടികളുടെയും വളർത്ത് മൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
പാമ്പുകൾ താമസ ഇടങ്ങൾക്ക് ചുറ്റും എത്തുന്നത് തടയാൻ മസ്കത്ത് മുനിസിപ്പാലിറ്റി നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. പാമ്പുകളെ ഓടിക്കാനുള്ള വസ്തുക്കൾ വെച്ചും പശ കെണികൾ ഒരുക്കിയുമാണ് പാമ്പ് ശല്യം ഒഴിവാക്കുന്നത്. പാർക്കുകളിലും മറ്റും കണ്ടുവരുന്ന പമ്പുകളെ പിടികൂടാൻ പ്രത്യേക പ്രതിരോധ പദ്ധതിയും നടപ്പാക്കുന്നുണ്ട്. എന്നാൽ പാമ്പുകളെ പിടികൂടി അവയെ അനുയോജ്യമായ പരിസ്ഥിതിയിൽ കൊണ്ടുവിടുക എന്ന നിലപാടാണ് മുനിസിപ്പാലിറ്റിക്കുള്ളത്. പൊതു ജനങ്ങൾ പാമ്പുകളെ കൊല്ലുന്നത് പരമാവധി ഒഴിവാക്കണമെന്നും പരിസ്ഥിതി നിലനിർത്തുന്നതിൽ പാമ്പുകൾക്ക് സുപ്രധാന പങ്കുണ്ടെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. പാമ്പുകളെ കണ്ടെത്തിയാൽ മുനിസിപ്പാലിറ്റിയുടെ കാൾ സെന്റർ നമ്പറായ 1111ലേക്ക് വിളിക്കണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.