ജബൽ ശംസിൽ മഞ്ഞുപൊഴിയും കാലം; താപനില മൈനസ് 2.3 ഡിഗ്രി സെൽഷ്യസ്
text_fieldsമസ്കത്ത്: താപനില മൈനസ് ഡിഗ്രിയിൽ എത്തിയതോടെ രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ജബൽ ശംസിൽ മഞ്ഞ് പൊഴിയാൻ തുടങ്ങി. മൈനസ് 2.3 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
മസ്‌കത്തിൽ പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 17 ഡിഗ്രി സെൽഷ്യസുമാണ്. സുഹാറിലും സൂറിലും താപനില സമാനമായിരുന്നു. അതേസമയം വരും ദിവസങ്ങളിൽ സലാലയിലും രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലേതുപോലെ താപനില കുറയുമെന്നാണ് കരുതുന്നത്.
ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ, അൽ ഹജർ പർവതനിരകൾ, ദോഫാർ തീരങ്ങൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ രാത്രി വൈകി മുതൽ രാവിലെവരെ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
താപനില കുറഞ്ഞതോടെ കൊടും തണുപ്പ് ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികളാണ് ജബൽ ശംസിലേക്ക് ഒഴുകുന്നത്. സമുദ്ര നിരപ്പിൽനിന്ന് 3,100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ ശംസ് തികച്ചും വ്യത്യസ്തമായ കാലാവസ്ഥ അനുഭവപ്പെടുന്ന പർവതമാണ്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ജബൽ ശംസിൽ മികച്ച കാലാവസ്ഥ. ഈ സീസണിലാണ് വിനോദ സഞ്ചാരികളെത്തുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് ജബൽ ശംസിൽ തണുപ്പ് വർധിക്കുക. ഇതോടെ കുന്നിൻ ചരിവുകളിലും വഴിയോരങ്ങളിലും മഞ്ഞ് കട്ടകൾ നിറയും. ക്യാമ്പിങ്ങിന് അറിയപ്പെടുന്ന സ്ഥലം കൂടിയാണ് ജബൽ ശംസ്. യൂറോപ്യൻമാരാണ് ജബൽ ശംസിലെ കാലാവസ്ഥ ഏറെ ആസ്വദിക്കുന്നത്. ജബൽ ശംസിലെ തണുത്ത് വിറക്കുന്ന കാലാവസ്ഥ അനുഭവിക്കാനും രാത്രി കാലത്തെ ആകാശ മാസ്മരിക ആസ്വദിക്കാനും ദിനേന 300പേരെങ്കിലും ക്യാമ്പിങ്ങിന് എത്തുന്നുണ്ട്. അമേരിക്ക, ഫ്രാൻസ്, നെതർലൻഡ്, കാനഡ, ജർമനി, ബെൽജിയം, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും.
ജബൽ ശംസിലെത്തുന്ന സന്ദർശകർക്ക് ട്രക്കിങ് സൗകര്യവുമുണ്ട്. ഇതിൽ 12 കി.മീ ദൂരത്തിൽ വരെയുള്ള ട്രക്കിങ് ഏരിയയുമുണ്ട്. സാഹസികത ആഗ്രഹിക്കുന്നവർക്ക് മറ്റ് നിരവധി ആകർഷകങ്ങളായ കാര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് നിരവധി സൗകര്യങ്ങൾ ഒരുക്കുന്ന ഗെസ്റ്റ് ഹൗസുകളുമുണ്ട്. ഏറെ അപകടങ്ങൾ പതിയിരിക്കുന്നതാണ് ജബൽ ശംസിലേക്കുള്ള റോഡുകൾ. യാത്രക്ക് ഫോർ വീലർ വാഹനങ്ങൾ ആവശ്യമാണ്. ചെങ്കുത്തായ റോഡുകളും റോഡുകളിലെ വളവുകളും തിരിവുകളും ഏറെ അപകടങ്ങൾ നിറഞ്ഞതാണ്. പലയിടത്തും റോഡുകളിൽ ചെമ്മണ്ണാണുള്ളത്. അതിനാൽ പരിചയ സമ്പന്നരായ ഡ്രൈവർമാരാണ് ജബൽ ശംസിലേക്ക് വാഹനം ഓടിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.