സോക്ക ലോകകപ്പ് ഫുട്ബാൾ: കിരീടത്തിൽ മുത്തമിട്ട് ഒമാൻ
text_fieldsമസ്കത്ത്: സോക്ക ലോകകപ്പ് സിക്സ് എ സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ ഒമാൻ കിരീടം ചൂടി. സീബിലെ ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നിലവിലെ ചാമ്പ്യന്മാരായ കസാഖ്സ്താനെ പരാജയപ്പെടുത്തിയാണ് സുൽത്താനേറ്റ് കപ്പിൽ മുത്തമിട്ടത്. മത്സരം മുഴുവൻ സമയവും1-1 സമനിലയിൽ കലാശിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടിൽ ഒമാൻ രണ്ട് ഗോളുകൾ നേടിയപ്പോൾ കസാഖിസ്താന് ഒരു ഗോൾ മാത്രമേ അടിക്കാനായുള്ളു.
സെമിയിൽ റൊമാനിയയെ 4-1ന് പരാജയപ്പെടുത്തിയാണ് ഒമാൻ ഫൈനലിൽ എത്തുന്നത്. മത്സരം കാണാനായി നൂറുകണക്കിനാളുകൾ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയിരുന്നു. മിഡിൽ ഈസ്റ്റിൽ ആദ്യമായി നടന്ന കളി മാമാങ്കത്തിൽ യു.എസ്, ഇറ്റലി, കാനഡ, ഖത്തർ, ഒമാൻ, ജർമനി, ബൾഗേറിയ, ജോർജിയ, ലിബിയ, സെർബിയ, ഗ്രീസ്, ബെൽജിയം, സൈപ്രസ്, കുവൈത്ത്, ഇറാഖ്, ബ്രസീൽ, ഈജിപ്ത്, അയർലൻഡ്, കൊളംബിയ, ഇറാൻ, പോളണ്ട്, ഫ്രാൻസ്, തുർക്കിയ, പാകിസ്താൻ, ഹെയ്തി, മെക്സിക്കോ, ലാത്വിയ, അൽബേനിയ, പെറു, ഓസ്ട്രേലിയ, കസാഖ്സ്താൻ, ഇംഗ്ലണ്ട്, റൊമാനിയ, ഉറുഗ്വേ, സുഡാൻ, ക്രൊയേഷ്യ, ഹംഗറി, അർജന്റീന, തുനീഷ്യ, ദക്ഷിണാഫ്രിക്ക എന്നിങ്ങനെ 40 ടീമുകളായിരുന്നു മാറ്റുരച്ചിരുന്നത്.
ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിർമിച്ച ആധുനിക സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ നടന്നിരുന്നത്. കായിക മത്സരങ്ങൾക്ക് അസാധാരണമായ ഒരു പ്ലാറ്റ്ഫോം നൽകാനുള്ള ഒമാന്റെ പ്രതിബദ്ധതയാണ് ഈ അത്യാധുനിക സൗകര്യം പ്രതിഫലിപ്പിക്കുന്നതെന്ന് മിഡിൽ ഈസ്റ്റ് സോക്ക ഫെഡറേഷൻ പ്രസിഡന്റും സംഘാടക സമിതി ഡയറക്ടറുമായ വലീദ് അൽ ഉബൈദാനി അറിയിച്ചു. ടൂർണമെന്റിൽ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 11 വരെ കുടുംബ, സൗഹൃദ, വിനോദ, സാംസ്കാരിക പരിപാടികളും ഉണ്ടായിരുന്നു. ഇത് സന്ദർശകർക്കും പങ്കെടുക്കുന്നവർക്കും ആവേശം പകരുന്നതായി. 2018ൽ പോർച്ചുഗലിലാണ് സോക്ക ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് ആരംഭിക്കുന്നത്. ടൂർണമെന്റ് ഭാവിയിൽ കൂടുതൽ അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഒമാന്റെ സാധ്യതകൾ വർധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.