സമൂഹ മാധ്യമങ്ങളിലെ മാർക്കറ്റിങ്; നൽകിയത് ആയിരത്തിലധികം ലൈസൻസുകൾ
text_fieldsമസ്കത്ത്: സമൂഹ മാധ്യമങ്ങളിൽ മാർക്കറ്റിങ്ങിനും പ്രമോഷനും കാമ്പയിനും നടത്തുന്നതിന് ഈ വർഷം മാർച്ച് മുതൽ ഒക്ടോബർ വരെ നൽകിയത് ആകെ 1,080 ലൈസൻസുകൾ. വാണിജ്യ കാര്യ, ഇ-കോമേഴ്സ് വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മാർക്കറ്റിങ്, പ്രമോഷനൽ പ്രവർത്തനങ്ങളിൽ നടത്തുന്നതിന് ലൈസൻസ് നേടണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചിരുന്നു.
ഇ-കോമേഴ്സ് ഇടപാടുകളും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുന്നതോടൊപ്പം വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സംരക്ഷണം ഉറപ്പാക്കുക, സോഷ്യൽ മീഡിയയിൽ ഉൽപന്നങ്ങൾ, ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ വിപണനവും പ്രമോഷന്റെ മേൽനോട്ടം വഹിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ പുറപ്പെടുവിച്ച മന്ത്രിതല തീരുമാനം അനുസരിച്ചാണ് ഈ നിർദ്ദേശം. എഴുത്ത്, വര, ചിത്രങ്ങൾ, ചിഹ്നങ്ങൾ, ശബ്ദം എന്നിവ വെബ്സൈറ്റുകളിലോ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രമോഷനും കാമ്പയിനും ഉപയോഗിക്കുന്നത് ഇതിന്റെ പരിധിയിൽ വരുമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം തടയുന്നതിനാണ് ഇത്തരം ലൈസൻസിങ് ചട്ടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഇ-കോമേഴ്സ് ഡിപ്പാർട്മെന്റ് മേധാവി ഹനാൻ ബിൻത് ഹുമൈദ് അൽ ജബ്രിയ പറഞ്ഞു.
അനധികൃത മാർക്കറ്റിങ്; നിരീക്ഷണം ശക്തമാക്കി അധികൃതർ
സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത മാർക്കറ്റിങ്, പ്രമോഷനൽ പ്രവർത്തനങ്ങൾ നിരീക്ഷണം ശക്തമാക്കി അധികൃതർ. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിച്ച വ്യക്തികളെ വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയം ഈ വർഷത്തിന്റെ തുടക്കത്തിൽ വിളിപ്പിച്ചിരുന്നു. നിരവധിപേർ അനധികൃത പ്രമോഷനൽ, മാർക്കറ്റിങ് പ്രവർത്തനങ്ങൾ നടത്തുന്നതായി അധികൃതർ അടുത്തിടെ കണ്ടെത്തിയിരുന്നു.
സമൂഹ മാധ്യമങ്ങൾ വഴിയുള്ള ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പ്രമോട്ടർമാർ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ വാണിജ്യ കാര്യ, ഇലക്ട്രോണിക് ട്രേഡ് വകുപ്പിൽനിന്നാണ് ലൈസൻസ് എടുക്കേണ്ടത്. ഇൻവെസ്റ്റ് ഈസി പോർട്ടലിലൂടെ ലൈസൻസിന് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സമർപ്പിച്ച് ഒരു വർഷം മുതൽ മൂന്ന് വർഷം വരെയുള്ള ലൈസൻസ് കാലയളവ് തിരഞ്ഞെടുക്കാം.
കമ്പനി വാണിജ്യ രജിസ്ട്രേഷൻ നടത്തിയതായിരിക്കണം. മാർക്കറ്റിങ്, വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നൽകിയ ലൈസൻസ് മുമ്പ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തിരിക്കരുത്.
ചാരിറ്റി അല്ലെങ്കിൽ സന്നദ്ധ സേവനങ്ങൾ പോലെയുള്ള ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ, വ്യാപാരി തന്റെ ഉൽപന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമില്ല. അപേക്ഷയിൻമേൽ 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് അധികൃതർ നിർദേശിച്ചിരിക്കുന്നത്. അപേക്ഷ അംഗീകരിച്ചാൽ ഇ-മാർക്കറ്റിങ്ങിനും പ്രമോഷൻ പ്രവർത്തനങ്ങൾക്കുമായി ലൈസൻസ് നൽകും. പിന്നീട് ഇവ പുതുക്കാവുന്നതാണ്. വ്യവസ്ഥകൾ ലംഘിച്ചാൽ, 1000 റിയാലിൽ കവിയാത്ത അഡ്മിനിസ്ട്രേറ്റിവ് പിഴ, ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുക, ലൈസൻസ് പൂർണമായി റദ്ദാക്കുക തുടങ്ങിയ കാര്യങ്ങൾക്കും ബന്ധപ്പെട്ടവർക്ക് അധികാരമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.