സാമൂഹിക സംഘടനകൾ കൈകോർത്തു; കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
text_fieldsരാജൻ
സലാല: സാമൂഹിക സംഘടനകളുടെ ഇടപെടലിനെ തുടർന്ന് കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. പയ്യോളി ഇരിങ്ങത്ത് സ്വദേശി ചെറിയ പറമ്പിൽ രാജൻ (61) നവംബർ 22നാണ് ഹൃദയാഘാതം മൂലം സലാലയിൽ മരണപ്പെട്ടത്. ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നെങ്കിലും വ്യാഴാഴ്ച മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ ഇതിനകം ഭീമമായ തുകയുടെ ബില്ലും വന്നു.
ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് ഈ തുക അടക്കാൻ സാധിക്കുമായിരുന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ഇദ്ദേഹത്തിന് സേവനം ചെയ്യുന്നതിനായി കൈരളി പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു. കൈരളി ഇടപെട്ട് ഇദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റ് ഉൾെപ്പടെയുള്ള രേഖകൾ പൂർത്തിയാക്കുകയും ചെയ്തു.
എന്നാൽ ആശുപത്രി ബില്ല് അടക്കാനാകാതിരുന്നതിനാൽ മൃതദേഹം വിട്ടു കിട്ടിയില്ല. ഇതിനകം കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ വഴി എംബസിയുടെയും നോർക്കയുടെയും സഹായവും തേടിയിരുന്നു. ഇതും ഫലം കണ്ടില്ല.
ഇതിനിടെ ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനമുടമയുടെ സഹായത്തോടെ കെ.എം.സി.സിയും, ഐ.ഒ.സിയും നടത്തിയ ഇടപെടലിനെ തുടർന്നാണ് ആശുപത്രിയിലെ രേഖകൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനായതെന്ന് കെ.എം.സി.സി ട്രഷറർ റഷീദ് കൽപറ്റ പറഞ്ഞു.
മൃതദേഹം എയർപോർട്ടിൽ എത്തിക്കുകയും, നാട്ടിലെ എയർപോർട്ടിൽനിന്ന് വീട്ടിലേക്ക് എത്തിക്കുകയും ചെയ്തത് കെ.എം.സി.സി, ഐ.ഒ.സി പ്രവർത്തകരാണ്.
വ്യാഴാഴ്ച രാവിലെ കോഴിക്കോട് എയർ പോർട്ടിലെത്തിച്ച മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: വനിത. മക്കൾ: അനുശ്രീ, അനുഷ. കുടുംബത്തെ സഹായിക്കാനുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കൈരളി പ്രവർത്തകരെന്ന് ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.