സാമൂഹിക സുരക്ഷ ഫണ്ട്; പിഴ കുറക്കണമെന്ന് സ്ഥാപനങ്ങൾ
text_fieldsമസ്കത്ത്: സ്വകാര്യ കമ്പനി ജീവനക്കാരുടെ സാമൂഹിക സുരക്ഷ ഫണ്ട് വിഹിതം നൽകുന്നത് വൈകിയാൽ 13.5 ശതമാനം പിഴ കുറക്കണമെന്ന പരാതിയുമായി കമ്പനികൾ. ഇൻഷുറൻസ് നിയമത്തിന്റെ 14ാം ഖണ്ഡിക പ്രകാരം കമ്പനി ജീവനക്കാരുടെ സാമൂഹിക സുരക്ഷ ഫണ്ട് വിഹിതം മാസംതോറും ഉടമകൾ അടക്കണം. വിഹിതം അടക്കുന്നത് ഒരോ മാസവും 15 ദിവസത്തിൽ കൂടുതൽ വൈകിയാൽ 13.5 ശതമാനം പിഴയുണ്ടാവും.
ഇത് ജീവനക്കാരന്റെ ശമ്പളത്തിൽനിന്ന് പിടിക്കരുതെന്നും നിയമത്തിലുണ്ട്. ഇതോടെ പിഴ ഇനത്തിൽ വരുന്ന തുക സ്ഥാപന ഉടമകൾക്ക് ഭാരമാവുന്നതായും ചെറുകിട ഇടത്തരം കമ്പനി ഉടമകൾ പറയുന്നു.
തങ്ങളുടെ കമ്പനി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പാടുപെടുകയാണ്. ഇത്തരം അവസ്ഥയിൽ തുക അടക്കുന്നത് വൈകൽ പിഴക്ക് കാരണമാക്കുന്നത് സ്ഥാപനത്തെ സാമ്പത്തിക പ്രയാസത്തിലേക്ക് നീക്കുന്നതായി സംരംഭകനായ നാസർ അൽ ഹുസ്നി പറയുന്നു. വിഹിതം അടക്കാത്തതിന്റെ പേരിൽ 13.5 ശതമാനം പിഴ നൽകേണ്ടി വരുന്നത് സ്വകാര്യ നിക്ഷേപകരെ പ്രതികൂലമായി ബാധിക്കുന്നു. അധികൃതർ പിഴയുടെ വിഷയത്തിൽ അനുകൂല നിലപാടെടുക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
നിലവിൽ കോവിഡ്, എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ വിഷയങ്ങൾ ശമ്പളം വൈകിക്കാൻ കാരണമാകുന്നു. ഇത് പിഴക്കും കാരണമാകുന്നു. നിലവിൽ ജീവനക്കാരുടെ സുരക്ഷ ഫണ്ട് ഇനത്തിൽ രണ്ടായിരം റിയാലിൽ അധികമാണ് അടക്കുന്നത്. ഇത് അടക്കുന്നത് വൈകിയാൽ 13.5 ശതമാനം പിഴ നൽകുകയെന്നത് ശരിയല്ല. ഇത് കൂട്ടിവെക്കുകയാണെങ്കിൽ വർഷം ശരിക്കും അടക്കേണ്ടതിന്റെ 162 ശതമാനം പിഴ നൽകേണ്ടി വരുമെന്ന് മറ്റൊരു സംരംഭകനും പ്രതികരിച്ചു. രണ്ട് ശതമാനമായി കുറക്കുകയാണെങ്കിൽ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് നല്ലതായിരിക്കുമെന്നും കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാർക്ക് ഏറെ സുരക്ഷബോധമുണ്ടാക്കുന്നതാണ് സാമൂഹിക സുരക്ഷ ഫണ്ട്. വയസ്സുകാലത്തുള്ള സംരക്ഷണം, അംഗവൈഗല്യം, മരണം, ജോലിസ്ഥലത്ത് മുറിവേൽക്കൽ, തൊഴിൽപരമായ രോഗങ്ങൾ എന്നിവക്കും ഏറെ സഹായകമാവുന്നതാണ് സാമൂഹിക സുരക്ഷ ഫണ്ട്. ഒമാനി ജീവനക്കാരെ സാമൂഹിക സുരക്ഷ ഇൻഷുറൻസിൽ പങ്കാളിയാക്കുന്നത് അവരുടെ സുരക്ഷിതത്വം ഉറപ്പാക്കും.
എല്ലാ ജീവനക്കാരെയും ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടത് സ്ഥാപന ഉടമയുടെ കടമയാണ്. ഇത് സ്വകാര്യ മേഖലയിലേക്ക് ജീവനക്കാരെ ആകർഷിക്കാനും ജീവനക്കാരും തൊഴിലുടമയും തമ്മിലുള്ള ബന്ധം ഉൗട്ടിയുറപ്പിക്കാനും സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.