സാമൂഹിക സുരക്ഷ: വിദ്യാർഥി വിഹിതം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു -മന്ത്രാലയം
text_fieldsമസ്കത്ത്: സാമൂഹിക സുരക്ഷ വിദ്യാർഥികളുടെ സ്കൂൾ സാമഗ്രികൾക്കുള്ള സാമ്പത്തിക വിഹിതം അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സാമൂഹിക സുരക്ഷ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് 25 റിയാൽ അനുവദിച്ചിരിക്കുന്നത്.
സാമൂഹിക സുരക്ഷ കുടുംബങ്ങളിലെ യോഗ്യരായ വിദ്യാർഥികളുടെയും 500 ബൈസയുടെ പ്രതിദിന ഭക്ഷണ വൗച്ചറിന് അർഹരായവരുടെയും പട്ടിക വിദ്യാഭ്യാസ മന്ത്രാലയത്തിന് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള സ്വദേശി വിദ്യാർഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങളും ഭക്ഷണവും നൽകുന്നതിന് 40,73,070 റിയാലാണ് അനുവദിച്ചത്. ഭക്ഷണത്തിനായി എല്ലാ മാസവും 11 റിയാൽ വീതം നൽകുമെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
22 അധ്യയന ദിവസം കണക്കാക്കി ദിവസം 500 ബൈസ വീതം എന്ന തോതിലാണ് ഉച്ചഭക്ഷണത്തിന് വകയിരുത്തിയിരിക്കുന്നത്. 59,030 സ്വദേശി വിദ്യാർഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. സെപ്റ്റംബർ നാലിനാണ് രാജ്യത്തെ സ്വദേശി സ്കൂളുകളിൽ അധ്യയനം ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.