സുഹാർ മലയാളി സംഘം യുവജനോത്സവം കലാപ്രതിഭകളെ പ്രഖ്യാപിച്ചു
text_fieldsസുഹാർ: സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി ചേർന്ന് നടത്തിയ എട്ടാമത് യുവജനോത്സവത്തിലെ കലാപ്രതിഭകളെ പ്രഖ്യാപിച്ചു. രണ്ട് ദിനങ്ങളിലായി മൂന്ന് വേദികളിൽ അരങ്ങേറിയ വാശിയേറിയ മത്സരങ്ങളിൽ 400ഓളം മത്സരാർഥികൾ ആയിരുന്നു മാറ്റുരച്ചത്.
സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങളിൽ നേടിയ പോയന്റ് അടിസ്ഥാനത്തിലാണ് കലാപ്രതിഭ, സർഗ പ്രതിഭ, കലാശ്രീ പട്ടങ്ങൾക്ക് അർഹരായവരെ പ്രഖ്യാപിച്ചത്. 43 പോയന്റുമായി ദിയ ആർ. നായരാണ് കലാതിലകം പട്ടത്തിന് അർഹയായത്. 18 പോയന്റുമായി കലാപ്രതിഭ പട്ടം സയൻ സന്ദേശ് കരസ്ഥമാക്കി. 17 പോയന്റുമായി കലാശ്രീ പട്ടം മൈഥിലി സന്ദീപും 11 പോയന്റുമായി സർഗപ്രതിഭ പുരസ്കാരം സീത ലക്ഷ്മി കിഷോറും നേടി. കേരളം, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു വിധികർത്താക്കളായെത്തിയത്.
മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കിയവർക്ക് വേദിയിൽതന്നെ ട്രോഫിയും സർട്ടിഫിക്കറ്റും നൽകിയിരുന്നു. വിജയികളെ മലയാളി സംഘം ഭാരവാഹികൾ അനുമോദിച്ചു. പട്ടങ്ങൾ കരസ്ഥമാക്കിയവർക്ക് അടുത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് മലയാളി സംഘം ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.