സുഹാർ നൈറ്റ്സ് വിന്റർ ക്യാമ്പ് ഇന്നു മുതൽ
text_fieldsമസ്കത്ത്: പൈതൃക ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന സുഹാർ നൈറ്റ്സ് വിന്റർ ക്യാമ്പ് ബുധനാഴ്ച മുതൽ ഞായറാഴ്ചവരെ നടക്കും. ശൈത്യകാല വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നതിനും ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണക്കുന്നതിനുമാണ് പരിപാടി നടത്തുന്നത്.
സുഹാറിലെ അൽ റിഫ ഏരിയയിലായിരിക്കും ശീതകാല ക്യാമ്പ്. തിയറ്റർ പ്രകടനങ്ങൾ, ക്യാമ്പിങ് ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ, ഫുഡ് ട്രക്കുകൾ എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടക്കും. വൈകുന്നേരം 4.30 മുതൽ 12 വരെയാണ് ക്യാമ്പിലെ പരിപാടികൾ. മത്സരങ്ങൾകൂടാതെ സാംസ്കാരിക, വിനോദ, ഷോപ്പിങുകളുമുണ്ടാകും. കുടിൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങൾക്ക് സ്റ്റാളുകളും അനുവദിച്ചിട്ടുണ്ട്.
സുഹാറിന്റെ ടൂറിസം സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനൊപ്പം പൗരന്മാർക്കും താമസക്കാർക്കും സാംസ്കാരികവും വിനോദപരവുമായ ഇടം സൃഷ്ടിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സുഹാറിലെ ഒമാനി കുടിൽവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ക്യാമ്പിങ് സംസ്കാരം പ്രചരിപ്പിക്കുന്നതിനൊപ്പം അതിന്റെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനും ശൈത്യകാല ക്യാമ്പ് ലക്ഷ്യമിടുന്നുണ്ട്.
ശൈത്യകാലത്തിന്റെ ഭാഗമായി വടക്കൻ ബാത്തിനയെ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സ്ഥലമാക്കി മാറ്റുകയാണെന്നും ധാരാളം സന്ദർശകരെ സ്വീകരിക്കാൻ ഗവർണറേറ്റ് തയ്യാറാണെന്നും പൈതൃക ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ശൈത്യകാലത്ത് ഒക്ടോബർ മുതൽ ഏപ്രിൽവരെ വടക്കൻ ബാത്തിനയിൽ ആഭ്യന്തരവും അന്തർദേശീയവുമായ നിരവധി സഞ്ചാരികൾ എത്താറുണ്ട്.
ഗവർണറേറ്റിലെ മരുഭൂമി ഒമാനിലെ ഏറ്റവും മനോഹരമായ ഒന്നാണ്, പ്രത്യേകിച്ച് ശൈത്യകാലത്ത്. ഒട്ടക സവാരി, മരുഭൂമി ക്രോസിങ്ങുകൾ, ക്യാമ്പിങ് എന്നിവക്കുള്ള ഏറ്റവും പ്രശസ്തമായ ലക്ഷ്യസ്ഥാനം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.