സുഹാർ സ്മാർട്ട് സിറ്റി പദ്ധതിക്ക് തുടക്കം
text_fieldsമസ്കത്ത്: സുഹാറിൽ സ്മാർട്ട് സിറ്റി പദ്ധതി സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് ഭവന, നഗരാസൂത്രണ മന്ത്രാലയം. സുഹാർ ഇൻവെസ്റ്റ്മെൻറ് ഫോറത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. 62,40,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലായിരിക്കും സ്മാർട്ട് സിറ്റി പദ്ധതിയൊരുക്കുക. ഇതിൽ 15 അയൽപക്കങ്ങൾ, രണ്ട് സെൻട്രൽ പാർക്കുകൾ, മ്യൂസിയം, യൂനിവേഴ്സിറ്റി, എക്സിബിഷൻ സെൻറർ, കായിക കേന്ദ്രം എന്നിവയുണ്ടാകും.
സുഹാർ വിമാനത്താവളത്തിന് സമീപവും സുഹാർ തുറമുഖത്തുനിന്ന് 30 മിനിറ്റുകൊണ്ട് എത്താവുന്ന ദൂരത്തിലുമാണ് നഗരം. പ്രധാന റോഡുകൾക്കും എക്സ്പ്രസ് വേക്കും സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. ‘5 മിനിറ്റ് സിറ്റി’ എന്ന ആശയത്തിലൂന്നിയായിരിക്കും പദ്ധതി നടപ്പാക്കുക. അതായത്, താമസക്കാർക്ക് അഞ്ച് മിനിറ്റ് നടന്നാൽ എല്ലാവിധ സൗകര്യങ്ങളിലേക്കും എത്തിപ്പെടാൻ സാധിക്കുന്ന രൂപത്തിലായിരിക്കും സ്മാർട്ട് സിറ്റിയുടെ സജ്ജീകരണം. കൂടാതെ, ബാഴ്സലോണ നഗരത്തിന് സമാനമായ ഒരു ഗ്രിഡ് രൂപകൽപനയും നഗരം നടപ്പിലാക്കും. ഏകദേശം 1,000 പൂന്തോട്ടങ്ങളും ഒന്നിലധികം നഗര ബ്ലോക്കുകളും ഇതിൽ ഉൾപ്പെടുത്തും.
സിറ്റിക്ക് ഏകദേശം 70,162 ആളുകളെ ഉൾക്കൊള്ളാൻ കഴിയും. 15,340 ഭവന യൂനിറ്റുകളാണ് ഒരുക്കുക. അതിൽ ഭൂരിഭാഗവും (66 ശതമാനം) അപ്പാർട്മെന്റുകൾ, ടൗൺ ഹൗസുകൾ (24 ശതമാനം), വില്ലകൾ (10 ശതമാനം), 4,200 വിദ്യാർഥികളുടെ താമസ യൂനിറ്റുകൾ എന്നിവയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.