ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി സംഗമം
text_fieldsമസ്കത്ത്: ഒമാനിലെ ജീവകാരുണ്യ സംഘടനയായ ദാറുൽ അത്തയും ഒമാൻ ഓട്ടോ മൊബൈൽ അസോസിയേഷനും സംയുക്തമായി നടത്തിയ ഫലസ്തീൻ ഫോർ എ ഡേ ഒമാൻ ഓട്ടോ മൊബൈൽ ഹബ്ബിൽ നടന്നു. ഫലസ്തീൻ ജനതയോട് ആഭിമുഖ്യമുള്ള ആയിരക്കണക്കിന് മനുഷ്യസ്നേഹികളാണ് കഴിഞ്ഞ ദിവസം ഒമാൻ ഓട്ടോ മൊബൈൽ ഹബ്ബിൽ ഒരുക്കിയ സംഗമത്തിൽ എത്തിയത്.
ഫലസ്തീനികളും, ഫലസ്തീൻ അനുകൂലികളുമായ വിവിധ രാജ്യക്കാരായ ആളുകൾ സംഗമത്തിൽ എത്തിച്ചേർന്നു. കൊടിതോരണങ്ങളും ഫലസ്തീൻ കഫിയകളുംകൊണ്ട് മുഖരിതമായിരുന്നു ഫലസ്തീൻ ഫോർ എ ഡേ. കെ.എം.സി.സിയുടെ പവിലിയൻ മാത്രമായിരുന്നു ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് സംഘടിപ്പിക്കപ്പെട്ടത്. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പകരുന്ന വിവിധങ്ങളായ സംസ്കാരിക പരിപാടികൾ, തത്സമയ ഛായാ ചിത്രപ്രദർശനങ്ങൾ തുടങ്ങിയവ സംഗമത്തിന് മാറ്റുകൂട്ടി.
സ്റ്റാളുകളിൽ നടന്ന വിൽപനയുടെ 30 ശതമാനം ഗസ്സയിലെ യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കുള്ള രാജ്യാന്തര സഹായ ഫണ്ടിലേക്ക് സംഭാവനയായി നൽകണം എന്നായിരുന്നു പ്രായോജകരായ ദാറുൽ അത്തയുടെ നിർദേശം. കെ.എം.സി.സി പവിലിയനിലൂടെ കണ്ടെത്തിയ വരുമാനത്തിന്റെ നൂറു ശതമാനവും ദാറുൽ അത്തയിലൂടെ ഫലസ്തീൻ ഫണ്ടിലേക്ക് സംഭാവന ചെയ്തു.
ഫലസ്തീൻ അംബാസഡർ തൈസീർ അൽ ഫർഹാത്, സെക്രട്ടറി മഹമൂദ് അലി അൽ റമ്മാൻ, ദാറുൽ അത്ത ജനറൽ മാനേജർ ഡോ. ഷംസാ അൽ ഹാരിസി, മാർക്കറ്റിങ് കോഓഡിനേറ്റർ ഹനാൻ അൽ മസ്കത്തി തുടങ്ങിയവർ പങ്കെടുത്തു. കെ.എം.സി.സിയുടെ പവിലിയൻ കേന്ദ്രീകരിച്ചുള്ള ഐക്യദാർഢ്യ സംഗമത്തിന് റുവി കെ.എം.സി.സി പ്രവർത്തകരും നേതാക്കളും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.