സൗത്ത് മബേല പാർക്കിന്റെ നിർമാണം പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: സീബ് വിലായത്തിലെ സൗത്ത് മബേല പാർക്കിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിർമാണം പകുതിയോളം പൂർത്തിയായി. വിലായത്തിന്റെ വിനോദ സൗകര്യങ്ങളിൽ ഈ പദ്ധതി പ്രധാന പങ്കുവഹിക്കും. 1,52,400 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന പാർക്ക് സൗത്ത് മബേലയിലെ ഏറ്റവും വലിയ ഹരിത ഇടങ്ങളിൽ ഒന്നായി മാറാനാണ് ഒരുങ്ങുന്നത്.
പദ്ധതി 50 ശതമാനത്തോളം പൂർത്തിയായിട്ടുണ്ടെന്നും ഈ വർഷം പാർക് പൂർത്തിയാകുമെന്നാണ് കരുതുന്നതെന്ന് സീബിലെ മസ്കത്ത് മുനിസിപ്പാലിറ്റിയിലെ ടെക്നിക്കൽ അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മൂസ സലിം അൽ സക്രി പറഞ്ഞു. സമൂഹത്തിന്റെ വിനോദ പ്രവർത്തനങ്ങളിൽ ഒരു പ്രധാന കൂട്ടിച്ചേർക്കലായി മാറുമിത് .
ഭിന്നശേഷിക്കാരായ വ്യക്തികൾ ഉൾപ്പെടെ എല്ലാ കമ്മ്യൂണിറ്റി വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിലാണ് പാർക് രൂപകൽപ്ന ചെയ്തിരിക്കുന്നത്. ഗുണനിലവാരവും സുസ്ഥിരവുമായ മാനദണ്ഡങ്ങൾ പാലിക്കുന്ന വൈവിധ്യമാർന്ന സൗകര്യങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു നിരത്തുകളിൽ നടപ്പാത, സൈക്കിൾ പാത, കുട്ടികളുടെ കളിസ്ഥലങ്ങൾ, ഫിറ്റ്നസ് ഉപകരണങ്ങൾ, വിശ്രമമുറികൾ, വിശാലമായ ഹരിത ഇടങ്ങൾ എന്നിവ പാർക്കിലുണ്ടാവും. വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന സ്പോർട്സ് ഫീൽഡുകൾ, സ്കേറ്റ്ബോർഡിങ് ഏരിയ, കഫേകൾ, അവശ്യ പൊതുസേവന സൗകര്യങ്ങൾ എന്നിവയും ഉൾപ്പെടുത്തും.
പൊതു-സ്വകാര്യ മേഖല പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും കമ്മ്യൂണിറ്റി ക്ഷേമത്തിന് സംഭാവന നൽകുന്ന സംയുക്ത ശ്രമങ്ങൾ നടത്തുന്നതിനുമുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ സംരഭം ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.