മസാല പത്തൽ, പഴം നിറച്ചത്, ഉന്നക്കായ; സജീവമായി എണ്ണക്കടി വിപണി
text_fieldsറമദാനിൽ സജീവമായ മസ്കത്തിലെ എണ്ണക്കടി
കടകളിലൊന്ന്
മസ്കത്ത്: റമദാൻ ആരംഭിച്ചതോടെ എണ്ണപ്പൊരി കടി വിപണി സജീവമായി. ചെറിയ കഫത്തീരിയ മുതൽ വലിയ ഹോട്ടലുകൾ വരെ രാത്രി തുറന്ന് പ്രവർത്തിക്കുന്ന എല്ലാ ഭോജനശാലകളിലും പൊരിക്കടികൾ വിൽക്കുന്നുണ്ട്. പല സ്ഥാപനങ്ങളിലും റമദാനിലെ പ്രധാന വ്യാപാരംതന്നെ എണ്ണ പൊരി ക്കടികളാണ്. ഹോട്ടലുകളിൽ പ്രത്യേക കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ട്. നാടൻ രീതിയിൽ ചില്ല് അലമാരയിൽ എണ്ണപ്പൊരികൾ അടുക്കിവെച്ച് വിപണനം നടത്തുന്നവരുമുണ്ട്.
പല സ്ഥാപനങ്ങളിലും പൊരിക്കടികൾ വിൽപനക്കായി പ്രത്യേക ടീം തന്നെയുണ്ട്. നാലു മണിക്ക് ശേഷമാണ് പൊരി കടികളുടെ വിൽപന ആരംഭിക്കുന്നത്. അഞ്ചിനും ആറിനും ഇടക്കാണ് ഇവയുടെ മൂർധന്യ സമയം. രാത്രിയിലും പല സ്ഥാപനങ്ങളിലും പൊരിക്ക ടികൾ ഉണ്ടാവും. രാത്രി പ്രാർഥനക്ക് ശേഷവും പൊരിക്കടികൾ കഴിക്കുന്നവരുണ്ട്. സാധാരണക്കാരന്റെ കീശ കീറാത്ത രീതിയിലുള്ള പൊരിക്കടികൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.
എന്നാൽ ഹോട്ടലുകളുടെ ഗ്രേഡ് കൂടുന്നതിനുസരിച്ച് വിലയും വർധിക്കും. സാധാരണ ഹോട്ടലുകളിലും കഫത്തീരിയകളിലും ഉള്ളതിനെക്കാൾ ഇരട്ടി വിലയാണ് വലിയ ഹോട്ടലുകൾ ഈടാക്കുന്നത്. വിലക്കനുസരിച്ച് ഇവയുടെ ഗുണനിലവാരവും വർധിക്കും. കുറഞ്ഞ വരുമാനക്കാർ കഫത്തീരികളെയും ചെറിയ ഹോട്ടലുകളെയുമാണ് കാര്യമായി ആശ്രയിക്കുന്നത്. വൈകുന്നേരമാവുന്നതോടെയാണ് വായിൽ വെള്ളമൂറും വിഭവങ്ങളുമായി എണ്ണക്കടി വിപണി ഉണരുന്നത്.
പക്കുവട, ഉള്ളിവട, സമൂസ, പഴംപൊരി തുടങ്ങിയ സാധാരണ ഇനങ്ങളാണ് കഫത്തീരിയകളിലും ലഭിക്കുക. എന്നാൽ, കണ്ണൂർ വിഭവങ്ങളാണ് വിപണി കീഴടക്കിയിരിക്കുന്നത്. പഴംപൊരി, പഴം നിറച്ചത്, ഉന്നക്കായ തുടങ്ങിയ നിരവധി പഴം ഇനങ്ങളും മസാല പത്തൽ, മസാല അപ്പം തുടങ്ങി പേരുള്ളതും ഇല്ലാത്തതുമായ ഇനങ്ങളും മസാല അട, മധുര ഇനങ്ങളും എത്തുന്നതോടെ കൗണ്ടറുകൾ നിറയും. ഇത്തരം കടി ഉൽപന്നങ്ങൾ വാങ്ങാൻ വിൽപന നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
കുടുംബമായി താമസിക്കുന്നവർപോലും ഇത്തരം സ്ഥാപനങ്ങളിൽ നിന്നാണ് പൊരിക്കടികൾ വാങ്ങുന്നത്. ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകിയാലും മലയാളിക്ക് എണ്ണപ്പൊരിയില്ലാത്ത ഇഫ്താർ സങ്കൽപിക്കാൻ കഴിയില്ല. ചിലരൊക്കെ ആദ്യമൊക്കെ ഇവ നിയന്ത്രിക്കാൻ ശ്രമിക്കുമെന്നും പയ്യെ അവരും എണ്ണപൊരി കടകളിലെത്തും. ഇതുനന്നായി അറിയുന്ന ഭക്ഷണ വ്യാപാരികൾ ഇത് ശരിക്കും ഉപയോഗപ്പെടുത്തുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.