ഈന്തപ്പനകളിലെ കീടങ്ങളുടെ വ്യാപനം; പ്രതിരോധ കാമ്പയിനുമായി കൃഷിമന്ത്രാലയം
text_fieldsമസ്കത്ത്: ദാഖിറ ഗവർണറേറ്റിലെ ഈന്തപ്പനകളെ ബാധിക്കുന്ന പ്രത്യേകതരം ചുവന്നകീടങ്ങൾ വ്യാപിക്കുന്നത് തടയാൻ കാർഷിക, മത്സ്യജല വിഭവ മന്ത്രാലയം കാമ്പയിൻ ആരംഭിച്ചു. ഗവർണറേറ്റിലെ യങ്കൽ വിലായത്തിലെ 66 ഗ്രാമങ്ങളിലാണ് കീടങ്ങൾ വ്യാപിക്കുന്നത് തടയാൻ അധികൃതർ രംഗത്തെത്തിയത്. കാമ്പയിനിൽ 45 ടീമുകളാണ് പങ്കെടുക്കുന്നത്. കാമ്പയിൻ അടുത്ത മാസം രണ്ടിന് അവസാനിക്കും. ഈന്തപ്പനകളുടെ സുരക്ഷ ഉറപ്പുവരുത്തുക, കീടങ്ങൾ മറ്റ് മരങ്ങളിൽ വ്യാപിക്കാതെ തടയുക എന്നിവയാണ് ലക്ഷ്യം.
പ്രാണികളുടെ വ്യാപനത്തിനെതിരെ കീടനാശിനി തളിക്കാൻ മസ്കത്ത് ഗവർണറേറ്റിലെ ബർക വിലായത്തിൽ ഒ.ക്യൂവിന്റെ സഹകരണത്തോടെ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ജനുവരിയിൽ ഡ്രോൺ ഉപയോഗിച്ചിരുന്നു. 1980കളുടെ മധ്യത്തോടെ തന്നെ, ഒമാനിലും ഗൾഫ് മേഖലയിലും ഈന്തപ്പനകൾക്ക് ഇത്തരത്തിലുള്ള പ്രാണികളും പുഴുക്കളും നാശംവരുത്തുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. മിഡിലീസ്റ്റിൽ നിലനിന്നിരുന്ന സവിശേഷമായ കാർഷിക കാലാവസ്ഥയും വിളയുടെ സ്വഭാവവും മറ്റുമെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ കീടങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനത്തിലേക്ക് നയിച്ചു.
സ്പെക്ട്രൽ സ്കാനിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രാണികളേയും പുഴുക്കളേയും കണ്ടെത്താനായി ഉപഗ്രഹങ്ങളും ഡ്രോണുകളും മുഖേനയുള്ള നിരീക്ഷണത്തിന്റെ ആദ്യഘട്ടഫലങ്ങൾ അവലോകനം ചെയ്തതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അണ്ടർ സെക്രട്ടറി അഹമ്മദ് ബിൻ നാസർ അൽ ബക്രി പറഞ്ഞു. കാർഷികകീടങ്ങളെ നേരത്തേ കണ്ടെത്തുന്നതിന് മികച്ച കീടനാശിനി തളിക്കൽ സാങ്കേതികവിദ്യകളും ഏരിയൽ സർവേകളും വികസിപ്പിക്കാൻ മന്ത്രാലയം ആലോചിക്കുന്നുണ്ട്.
ചുവന്ന ഈന്തപ്പനക്കീടങ്ങളുടെ ആക്രമണം തടയുന്നതിനായി കഴിഞ്ഞ വർഷത്തിന്റെ ആദ്യ പകുതിയിൽതന്നെ മന്ത്രാലയം സമഗ്രമായ പദ്ധതികളും നടപ്പാക്കിയിരുന്നു. ഒമാനിലുടനീളം കീടബാധയുള്ള ഈന്തപ്പനകളുടെ എണ്ണത്തിൽ 16.4 ശതമാനം വർധനവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 22,444 മരങ്ങളാണ് കീടബാധയേറ്റത്. അതിന് മുമ്പത്തെ വർഷം 19,278 മരങ്ങളിലായിരുന്നു ബാധിച്ചിരുന്നത്. എന്നാൽ, ഫീൽഡ് ടീമുകളുടെയും മന്ത്രാലയത്തിലെ വിദഗ്ധരുടെയും ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം 18,213 ഈന്തപ്പനകൾക്ക് മികച്ച പരിചരണങ്ങൾ നൽകാൻ സാധിച്ചു. രോഗം ബാധിച്ച് 4231 ഈന്തപ്പനകൾ വെട്ടിമാറ്റുകയും ചെയ്തു. 2021ൽ 3341 ഈന്തപ്പനകളായിരുന്നു നീക്കിയത്. ഫീൽഡ് ടീമുകൾ 2022ൽ 3867 ട്രാപ്പിങ് ഉപകരണങ്ങൾ ഉപയോഗിച്ച് 50,312 ചുവന്ന ഈന്തപ്പന കീടങ്ങളെയാണ് കെണിയിൽപെടുത്തിയത്. 2021ൽ ഇത് 42,915 ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.