നക്ഷത്രങ്ങൾ തെളിഞ്ഞു; ഇനി ക്രിസ്മസ് രാവുകൾ
text_fieldsമസ്കത്ത്: പടിവാതിൽക്കൽ എത്തിനിൽക്കുന്ന ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി ഒമാനിലെ ക്രിസ്തുമത വിശ്വാസികൾ. എന്നാൽ, ഫലസ്തീൻ-ഇസ്രായേൽ യുദ്ധ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പൊലിമ കുറയും.
എന്നാലും വിശ്വാസികൾ ആഘോഷത്തിന് വേണ്ട ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി വീടുകളിൽ നക്ഷത്രദീപങ്ങൾ തെളിയാനും അലങ്കാര വിളക്കുകൾ തിളങ്ങാനും തുടങ്ങിയിട്ടുണ്ട്.ക്രിസ്മസ് ഉൽപന്നങ്ങളും വിപണിയിലെത്തിയതോടെ വിപണിയും സജീവമായി.
ക്രിസ്മസിന്റെ ഭാഗമായി വീടുകളിൽ പുൽക്കൂടുകൾ ഒരുക്കുന്നുണ്ട്. ഇന്ത്യൻ സ്കൂളുകൾ അടച്ചതോടെ കുട്ടികളാണ് പുൽക്കൂട് ഒരുക്കുന്നതിൽ കാര്യമായി രംഗത്തുണ്ടാവുക. അവരെ സഹായിക്കാൻ രക്ഷാകർത്താക്കൾ കൂടി രംഗത്തെത്തുന്നതോടെ വീടുകൾ ക്രിസ്മസ് അന്തരീക്ഷത്തിലേക്ക് നീങ്ങും.
ഉണ്ണിയേശുവും മറിയവും മാലാഖമാരുമൊക്കെയാണ് പുൽക്കൂടിനുള്ളിലുണ്ടാവുക. അലങ്കാരവിളക്കുകൾ ചാർത്തി വെളിച്ചം കുളിച്ച് നിൽക്കുന്നതോടെ പുൽക്കൂടുകൾ മനോഹരമായ കാഴ്ചയാവും.
പുൽക്കൂടിന് ആവശ്യമായ വസ്തുക്കൾ പലതും നാട്ടിൽനിന്ന് കൊണ്ടുവരികയാണ്. ക്രിസ്മസ് കഴിയുന്നതോടെ ഇവ പൊതിഞ്ഞ് അടുത്ത വർഷങ്ങളിലേക്ക് സൂക്ഷിച്ച് വെക്കും.ഒമാനിൽ ഇത്തരം ഉൽപന്നങ്ങൾ പലതും കിട്ടാനുള്ള പ്രയാസം കാരണമാണിത്.
ക്രിസ്മസിന്റെ പ്രധാന ഭാഗമാണ് കേക്കുകൾ. ഇവ വീടുകളിൽ തന്നെ ഉണ്ടാക്കുന്നവരും നിരവധിയാണ്. ഇത്തരം കേക്കുകൾ ഉണ്ടാക്കുന്നതിനുള്ള ഉൽപന്നങ്ങൾക്ക് വിപണിയിൽ ഡിമാൻഡ് വർധിച്ചിട്ടുണ്ട്. ക്രിസ്മസ് ട്രീയും വിപണിയിൽ എത്തി. വീടുകളിലും സ്ഥാപനങ്ങളിലും ക്രിസ്മസ് ട്രീകളും ഒരുക്കുന്നുണ്ട്.
വളരെ ചെറിയതും വില കുറഞ്ഞതുമായ ട്രീകൾ മുതൽ ഏറെ ഉയരമുള്ള ട്രീകൾവരെ മാർക്കറ്റിലുണ്ട്. ഇവയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് വിലയും വർധിക്കും.
വാണിജ്യസ്ഥാപനങ്ങളിലും മറ്റും വലിയ ട്രീകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ക്രിസ്മസ് സമ്മാനത്തിന്റെ രൂപങ്ങളും അപ്പൂപ്പന്റെ രൂപങ്ങളുമൊക്കെയുണ്ടാവും.ക്രിസ്മമസ് ആഘോഷത്തിന്റെ ഭാഗമായി ചർച്ചുകളിൽ പ്രത്യേക പരിപാടികളും ആരാധനകളും നടക്കും.
കരോൾ സംഘങ്ങൾ വീടുകൾ സന്ദർശിക്കുന്നതടക്കമുള്ള ചടങ്ങുകളും നടക്കുന്നുണ്ട്. ക്രിസ്മസിന്റെ ഭാഗമായി പ്രത്യേക ഖുർബാനയും മറ്റ് പരിപാടികളും അരങ്ങേറും. 24ന് അർധരാത്രി വരെ ചടങ്ങുകൾ നീളും.
നിരവധി ക്രിസ്മസ് വിഭവങ്ങൾ വിപണിയിലെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കേക്കുകളാണ്. ചെറുതും വലുതുമായ നിരവധി ഇനങ്ങൾ വിപണിയിലുണ്ട്.
ക്രിസ്മസിന്റെ ഭാഗമായി സമ്മാനങ്ങൾ കൈമാറുന്നതടക്കമുള്ള നിരവധി ആഘോഷ പരിപാടികളുമുണ്ട്.
രാജ്യങ്ങളും സംസ്ഥാനങ്ങളും മാറുമ്പോൾ ആഘോഷരീതികളും മാറും. ഏതായാലും ഇനിയുള്ള നാളുകൾ ക്രിസ്തുമത വിശ്വാസികൾക്ക് ആഘോഷത്തിന്റേതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.