ദേശീയ ദിനാഘോഷ ഒരുക്കത്തിലേക്ക് രാജ്യം
text_fieldsമസ്കത്ത്: സുൽത്താനേറ്റിന്റെ 54ാം ദേശീയ ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങുന്നു. ഫലസ്തീൻ യുദ്ധ പശ്ചാത്തലത്തിൽ കഴിഞ്ഞതവണ പൊലിമ കുറച്ചായിരുന്നു ആഘോഷം.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ കാർമികത്വത്തിൽ നടന്ന സൈനിക പരേഡിലും പതാക ഉയർത്തലിലും ഔദ്യോഗിക ആഘോഷ പരിപടികൾ ഒതുങ്ങി. ഈ വർഷത്തെ ആഘോഷ പരിപാടികളെക്കുറിച്ച് അറിവായിട്ടില്ല. ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ വരും ദിവസങ്ങളിലെ അറിയാൻ കഴിയുകയുള്ളു.
മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മദിനമാണ് ഒമാൻ ദേശീയ ദിനമായി കൊണ്ടാടുന്നത്. ദേശീയ ദിനത്തിന്റെ ഭാഗമായി നാടും നഗരവും കൊടി തോരണങ്ങൾ ക്കൊണ്ട് അലങ്കരിക്കൽ സാധാരണമാണ്. ഒമാനിലെ എല്ലാ ഗ്രാമങ്ങളും നഗരങ്ങളും അലങ്കരിക്കുന്നതോടെ രാജ്യം ഉത്സവ അന്തരീക്ഷത്തിലേക്ക് നീങ്ങും. ആഘോഷത്തിന്റെ ഭാഗമായി റാലികളും നടക്കാറുണ്ട്.
കുട്ടികൾ വെള്ളയും ചുവപ്പും പച്ചയും നിറഞ്ഞ വസ്ത്രങ്ങളിഞ്ഞ് സന്തോഷം പങ്കുവെക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ് നടക്കും. ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖാണ് പരേഡിൽ സല്യൂട്ട് സ്വീകരിക്കുക. മുൻ കാലങ്ങളിൽ രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ വെടിക്കെട്ടും നടന്നിരുന്നു.
എന്നാൽ, 2022ൽ ഇതിനുപകരം ലേസർ ഷോകളാണ് നടത്തിയിരുന്നത്. നിസ്വ അടക്കമുള്ള നഗരങ്ങളിൽ സ്വദേശികളുടെ നൃത്തം അടക്കമുള്ള കലാപരിപാടികളും അരങ്ങേറും. ദേശീയ ദിനത്തിന്റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കൽ സാധാരണമാണ്.
മുൻ കാലങ്ങളിൽ സ്വദേശികളും വിദേശികളും വ്യാപകമായി വാഹനങ്ങൾ അലങ്കരിക്കാറുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വാഹന അലങ്കാരം തീരെ കുറവായിരുന്നു. പഴയ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെയും പുതിയ ഭരണാധികാരി സുൽത്താൻ ഹൈതമിന്റെയും ചിത്രങ്ങളും രാജ്യത്തിന്റെ ദേശീയ പതാകയും ദേശീയ ചിഹ്നങ്ങളുംകൊണ്ടാണ് വാഹനങ്ങൾ അലങ്കരിക്കുന്നത്.
ദേശീയ ദിനത്തിന്റെ ഭാഗമായി നിരവധി അലങ്കാര വസ്തുക്കൾ വിപണിയിലെത്തിയിട്ടുണ്ട്. തൊപ്പി, ഷാളുകൾ, ടി ഷർട്ടുകൾ, കൊടികൾ, കീചെയിനുകൾ, പേനകൾ, വിവിധ തരം സ്റ്റിക്കറുകൾ തുടങ്ങിയവ ഇതിലുൾപ്പെടും. മുൻ കാലങ്ങളിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മത്ര അടക്കമുള്ള പ്രധാന സൂഖുകളിൽ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്.
ഇതിനായി വ്യാപാരികളും ഒരുങ്ങാറുണ്ട്. ദുബൈയിൽനിന്നും മറ്റും ആഘോത്തിന്റെ ഭാഗമായി അലങ്കാര ഉൽപന്നങ്ങളെത്തിച്ചാണ് ഇവർ വ്യാപാരം നടത്തുന്നത്. ഈ വർഷത്തെ ശരിയായ ചിത്രം നിലവിൽ വന്നിട്ടില്ല. എങ്കിലും വ്യാപാരികളിൽ പലരും നല്ല ദേശീയ ദിന കച്ചവടമാണ് പ്രതീക്ഷിക്കുന്നത്.
20, 21 തീയതികളിൽ പൊതുഅവധി
വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും
മസ്കത്ത്: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 20, 21 തീയതികളിലായിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി ബാധകമായിരിക്കും. രാജ്യത്തിന്റെ 54ാമത് ദേശീയ ദിനാഘോഷം നവംബർ 18നാണ്. ദേശീയദിനാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.