വിനിമയ നിരക്ക് 170ലേക്ക്; പ്രവാസികൾ ആഹ്ലാദത്തിൽ
text_fieldsമസ്കത്ത്: ഒരിടവേളക്കുശേഷം പ്രവാസികൾക്ക് ആഹ്ലാദം പകർന്ന് റിയാലുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഉയരുന്നു. റിയാലിന് 169.65 രൂപ മുതൽ 169.93 രൂപ വരെ നിരക്കിലാണ് ധനവിനിമയ സ്ഥാപനങ്ങൾ ചൊവ്വാഴ്ച ഇടപാടുകൾ അവസാനിപ്പിച്ചത്. ഡോളറുമായുള്ള രൂപയുടെ മൂല്യശോഷണം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതോടെ, വിനിമയ നിരക്കിലും വർധനയുണ്ടാകും.
കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു റിയാലിന് 178.70 രൂപ വരെ വിനിമയനിരക്ക് ഉയർന്നിരുന്നു. തുടർന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ വിനിമയ നിരക്ക് 165നും 166 രൂപക്കും ഇടയിലായിരുന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാനം മുതലാണ് ഇതിൽനിന്ന് ഉയർച്ചയുണ്ടായത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രകടമായ മാന്ദ്യത്തിെൻറ ലക്ഷണങ്ങളാണ് രൂപയുടെ വിലയിടിവിന് കാരണമെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ച് ജനറൽ മാനേജർ മധുസൂദനൻ പറഞ്ഞു. ഡോളറിന് 65.24 രൂപ എന്ന നിലയിലാണ് ചൊവ്വാഴ്ച രൂപ വ്യാപാരം തുടങ്ങിയത്. ഇത് 65.44 രൂപ വരെ ഉയർന്നു.
വ്യവസായ ഉൽപാദക സൂചികയടക്കം മൊത്തം ആഭ്യന്തര ഉൽപാദന സൂചിക പ്രതീക്ഷിച്ച തോതിലാകാതിരുന്നതാണ് സമ്പദ്ഘടനയിൽ മാന്ദ്യത്തിെൻറ ലക്ഷണങ്ങൾ പടർത്തിയത്. ഇതോടെ, വിദേശ നിക്ഷേപകർ പിൻവലിയുകയാണ്. ഡിസംബർ വരെ ഇടിവ് തുടരാനാണ് സാധ്യത. വിനിമയ നിരക്ക് റിയാലിന് 170 മുതൽ 172 രൂപ വരെ ഉയർന്നേക്കാമെന്നും മധുസൂദനൻ പറഞ്ഞു. രൂപയുടെ മൂല്യശോഷണം തുടരാനാണ് സാധ്യതയെന്ന് മോഡേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി പറഞ്ഞു. ഇന്ത്യൻ സമ്പദ്ഘടനയിൽ പ്രകടമായ മാന്ദ്യംതന്നെയാണ് കാരണം. 174 മുതൽ 175 രൂപ വരെ വിനിമയനിരക്ക് ഉയർന്നേക്കാം. വിനിമയനിരക്ക് ഉയർന്നതോടെ കൂടുതൽ ആളുകൾ പണമയക്കാൻ എത്തുന്നുണ്ടെന്നും ഫിലിപ്പ് കോശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.