അർബാനയുമായി നാലുപതിറ്റാണ്ട് കരീംക്ക
text_fieldsമത്ര: നോമ്പ് കാലത്തും ലോഡിങ്, അണ്‍ലോഡിങ് പോലുള്ള കഠിന ജോലികളില്‍ വ്യാപൃതനായി കഴിയുന്നവരുണ്ട്. അത്തരത്തിലുള്ള ഒരാളാണ് കണ്ണൂർ സിറ്റി സ്വദേശിക്കാരനായ അര്‍ബാന കരീംക്ക.
റമദാന് കാലത്തും ഇദ്ദേഹം വിശ്രമമില്ലാത്ത ജോലിയിലാണ്. പ്രായം വാര്‍ധക്യത്തിലെത്തിയിട്ടും കണിശമായ ജീവിതരീതി പുലര്‍ത്തിപ്പോരുന്നതിനാല്‍ എല്ലാവിധ പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള മനക്കരുത്ത് നേടിയെടുത്തിട്ടുണ്ടെന്ന് കരീംക്ക പറയുന്നു. വീട്ടിലെ പ്രാരബ്ധം കാരണം 1975ല്‍ പ്രവാസിയായതാണ്. ആ പ്രവാസമിന്ന് 48 വര്‍ഷം പിന്നിട്ടിരിക്കുന്നു. നാലര ദശാബ്ദക്കാലത്തിലേറെയായി മത്രയിലെ ബലദിയ പാര്‍ക്കിങ് ചുറ്റിപ്പറ്റി കയറ്റിറക്ക് തൊഴിലിലേര്പ്പെട്ടാണ് കരീംക്കയുടെ തൊഴിലും ജീവിതവും.
ഋതുഭേദങ്ങള്‍ അനുസരിച്ച് റമദാന്റെ കാലചക്രം കറങ്ങിത്തിരിഞ്ഞ് വരുമ്പോഴുണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങള്‍ ഒന്നും വകവെക്കാതെ നോമ്പ് പിടിച്ചുകൊണ്ടുതന്നെ തന്റെ ഭാരമേറിയ ജോലിയില്‍ ഇദ്ദേഹം വ്യാപൃതനാണ്. ചൂട് അമ്പത് ഡിഗ്രിക്ക് മുകളില്‍ കയറി അന്തരീക്ഷവും റോഡും ചുട്ടുപഴുക്കുമ്പോഴും ഒരു നോമ്പ് പോലും വിട്ടുകളയാറില്ല. സാധനങ്ങള്‍ നിറച്ച അര്‍ബാന തള്ളി വലിച്ച് കടകളില്‍നിന്നും കടകളിലേക്ക് വിതരണാവശ്യാർഥം നീങ്ങുന്ന കരീംക്ക മത്രക്കാരുടെ സ്ഥിരം കാഴ്ചകളിലൊന്നാണ്.
കച്ചവടക്കാര്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കിക്കഴിഞ്ഞശേഷം ഇദ്ദേഹത്തെ ഏല്പിച്ചാല് പിന്നെ ഒന്നും ചിന്തിക്കേണ്ടതില്ല. സാധനങ്ങള്‍ തങ്ങളുടെ ഷോപ് പടിക്കല്‍ സുരക്ഷിതമായി എത്തിയിരിക്കും. കഴിഞ്ഞ നാലര ദശാബ്ദമായി കരീംക്ക ഈ ഫീല്‍ഡിലുണ്ട്. പ്രായം ഏറെ ചെന്നെങ്കിലും അധ്വാനത്തിന്റെ വില അറിഞ്ഞ് ജീവിക്കുന്ന ഇദ്ദേഹം മത്രക്കാര്‍ക്കിടയില്‍ പ്രിയപ്പെട്ട അര്‍ബാന കരീംക്ക എന്ന നിലയിൽ ഏറെ സുപരിചിതനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.