മത്സ്യബന്ധന നിയമലംഘനം; നടപടി ശക്തമാക്കി അധികൃതർ
text_fieldsമസ്കത്ത്: മത്സ്യബന്ധന നിയമലംഘനത്തിനെതിരെ നടപടി ശക്തമാക്കി അധികൃതർ. സെപ്റ്റംബറിൽ 569 കേസുകൾ രജിസ്റ്റർ ചെയ്തയായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. ആകെയുള്ള കേസുകളിൽ 340 എണ്ണം ബോട്ടുകൾ, കപ്പലുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ലൈസൻസിങ് ചട്ടങ്ങൾ പാലിക്കാത്തതിനാണ് കേസെടുത്തിട്ടുള്ളത്. നിരോധിത മത്സ്യബന്ധന രീതികൾ അവലംബിച്ചതിനും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചതിനുമായി 37 കേസുകളും എടുത്തു.
സീസണല്ലാത്ത സമയത്ത് മത്സ്യബന്ധനം നടത്തിയതിന് അഞ്ചു കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 121 കേസുകൾ നിരോധിത പ്രദേശങ്ങളിൽ മത്സ്യബന്ധനം നടത്തിയതിനാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബോട്ടുകളിലും കപ്പലുകളിലും നമ്പർപ്ലേറ്റുകൾ സ്ഥാപിക്കാത്തതുമായി ബന്ധപ്പെട്ട് 31 ലംഘനങ്ങളും കണ്ടെത്തി. ലൈസൻസ് ഇല്ലാതെ ജോലിയിൽ ഏർപ്പെട്ടതിന് 10 വിദേശ തൊഴിലാളികൾക്കെതിരെയും കേസെടുത്തു. 23 മറ്റു നിയമലംഘനങ്ങളും കണ്ടെത്തി.
മൊത്തം 10,560 കിലോഗ്രാം മത്സ്യം കണ്ടുകെട്ടുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മൂന്നു ബോട്ടുകൾ, 14 എൻജിനുകൾ, 279 മത്സ്യബന്ധന വലകൾ, 12 മത്സ്യക്കൂടുകൾ മറ്റും പിടിച്ചെടുക്കുകയും ചെയ്തു. 37 വിദേശ തൊഴിലാളികളെയും പിടികൂടി. കോസ്റ്റ് ഗാർഡ് പൊലീസ്, റോയൽ ഒമാൻ നേവി, മാരിടൈം സെക്യൂരിറ്റി സെന്റർ, തൊഴിൽ മന്ത്രാലയം എന്നിവയുൾപ്പെടെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചാണ് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം നിരീക്ഷണ കാമ്പയിനുകൾ പതിവായി സംഘടിപ്പിക്കുന്നത്.
ചട്ടങ്ങൾ പാലിക്കാത്തതിന് ആഗസ്റ്റിൽ 404 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 12 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തു. ആകെ കേസുകളിൽ 311 എണ്ണം ലൈസൻസിങ് ചട്ടങ്ങൾ പാലിക്കാത്തതിനാണ് എടുത്തിട്ടുള്ളത്. 17 എണ്ണം നിരോധിത മത്സ്യബന്ധന രീതികൾ ഉപയോഗിച്ചതിനും അനധികൃത ഉപകരണങ്ങൾ കൈവശംവെച്ചതിനുമാണ്. 14,275 കിലോഗ്രാം മത്സ്യം കണ്ടുകെട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.