സുഡാനിലെ സംഘർഷം ഒമാനി കുടുംബങ്ങളെ ജിദ്ദയിലെത്തിച്ചു
text_fieldsമസ്കത്ത്: ആഭ്യന്തര സംഘർഷത്തെത്തുടർന്ന് സുഡാനിൽ കുടുങ്ങിയിരുന്ന ഒമാനി കുടുംബങ്ങൾ ജിദ്ദയിലെത്തി. സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഒഴിപ്പിക്കലിലാണ് ഇവർ ജിദ്ദയിലെത്തിച്ചത്. ജിദ്ദയിലെത്തിയ കുടുംബങ്ങളെ ഒമാൻ കോൺസുലേറ്റ് സ്വീകരിച്ചു. ഡെപ്യൂട്ടി കോൺസൽ ജനറൽ സെയ്ഫ് അൽ അമ്രി, ഫസ്റ്റ് സെക്രട്ടറി അവദ് റാഫിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒമാനി കുടുംബങ്ങളെ വരവേറ്റത്.
ഏപ്രിൽ 15ന് സുഡാനിൽ ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം സൗദി അറേബ്യ വ്യോമമാർഗവും കടൽ മാർഗവും ഇതിനകം 2000ത്തിലധികം ആളുകളെയാണ് രക്ഷിച്ചത്. അതേസമയം, സുഡാൻ തലസ്ഥാനമായ ഖർത്തൂമിലെ ഒമാൻ എംബസി സുരക്ഷിതമാണെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒമാനി പൗരന്മാരും സുരക്ഷിതരാണെന്ന് ഒമാൻ എംബസിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അവിടെയുള്ള ഒമാനികളെ ഒഴിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നടപടി തുടരുന്നുണ്ടെന്നും സുഡാനിലെ ഒമാൻ എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തതയിലേക്കും സുസ്ഥിരതയിലേക്കും മടങ്ങിയെത്തുന്നതുവരെ സുഡാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും സുഡാനീസ് പ്രദേശത്തുള്ള പൗരന്മാരോട് തൽക്കാലം അവരുടെ വീടുകളിൽ തുടരണമെന്നും എംബസി നിർദേശിച്ചിരുന്നു
സൗദി അറേബ്യയും യു.എസും നടത്തിയ നീക്കങ്ങളെത്തുടർന്ന്, സുഡാനിൽ യുദ്ധത്തിലേർപ്പെട്ട രണ്ട് സൈനിക വിഭാഗവും 72 മണിക്കൂർ നേരത്തേക്ക് വെടിനിർത്തലിന് സന്നദ്ധമായിട്ടുണ്ട്. ഈ അവസരമുപയോഗിച്ച് തങ്ങളുടെ പൗരന്മാരെ സുഡാനിൽനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് ഒമാനടക്കമുള്ള രാജ്യങ്ങൾ. വിദേശ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിക്കുന്നത് പുരോഗമിക്കുന്നതിനിടെയാണ് വെടിനിർത്തൽ നടപ്പാക്കിയത്. തിങ്കളാഴ്ച അർധരാത്രി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ആഭ്യന്തര സംഘർഷം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. ഈ മാസം 15ന് ആരംഭിച്ച ആഭ്യന്തര സംഘർഷത്തിൽ 427 പേർ കൊല്ലപ്പെട്ടതായാണ് യു.എൻ റിപ്പോർട്ട്. 3700ലധികം പേർക്ക് പരിക്കേൽക്കുകയും നിരവധി പേർ ഭവന രഹിതരാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.