ദുരിതത്തിനറുതി: ഇൻകാസ് ഒമാന്റെ കൈത്താങ്ങിൽ കോട്ടയം സ്വദേശിനി നാടണഞ്ഞു
text_fieldsമസ്കത്ത്: ജോലിയും ശമ്പളവുമില്ലാതെ ഒമാനിൽ ദുരിതജീവിതം നയിച്ചിരുന്ന കോട്ടയം പനച്ചിക്കാട് സ്വദേശിനിയായ യമുനയെ ഇൻകാസ് ഒമാൻ പ്രവർത്തകരുടെ സമയോചിത ഇടപെടലിലൂടെ നട്ടിലെത്തിച്ചു. നാട്ടിൽനിന്നുള്ള ട്രാവൽ ഏജന്റാണ് വ്യാജ ജോലിവാഗ്ദാനം നൽകി യമുനയെ ഒമാനിൽ എത്തിച്ചത്. എന്നാൽ, ഇവിടെ എത്തിയപ്പോയാണ് താൻ കബളിക്കപ്പെട്ടെന്ന് യമുന മനസ്സിലാക്കുന്നത്.
ജോലിയും ശമ്പളവുമില്ലാതെ മാനസികമായും ശാരീരികമായും തളർന്ന സ്ത്രീയെ തിരികെ നാട്ടിലെത്തിക്കുന്നതിനുവേണ്ടി സഹായമഭ്യർഥിച്ച് യമുനയുടെ വീട്ടുകാർ കെ.പി.സി.സി സെക്രട്ടറിയും മുൻ കോട്ടയം ഡി.സി.സി പ്രസിഡന്റുമായ അഡ്വ. ടോമി കല്ലാനിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം അറിയിച്ചതനുസരിച്ച് ഇൻകാസ് ഒമാൻ ഭാരവാഹികൾ വിഷയത്തിൽ ഇടപെടുകയും വൈസ് പ്രസിഡന്റ് നിയാസ് ചെണ്ടയാടിന്റെ നേതൃത്വത്തിൽ ഇവരെ തിരികെയെത്തിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു.
നിരവധി പ്രശ്നങ്ങൾ മസ്കത്തിലെ ഇന്ത്യൻ എംബസിയുടെയും ഒമാൻ അധികൃതരുടെയും സഹായത്തോടെ ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് പരിഹരിക്കുവാൻ കഴിഞ്ഞു. ഇൻകാസ് ഒമാൻ പ്രസിഡന്റ് അഡ്വ. എം.കെ. പ്രസാദ്, വൈസ് പ്രസിഡന്റുമാരായ സലീം മുതുവമ്മേൽ, മാത്യു മെഴുവേലി, ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, ട്രഷറർ സജി ചങ്ങനാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.
ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള, നേതാക്കളായ എൻ.ഒ. ഉമ്മൻ, സജി ഔസേഫ് പിച്ചകശ്ശേരിൽ സാമൂഹ്യ പ്രവർത്തകൻ ഡോ. സജി ഉതുപ്പാൻ, റാഫി മാത്യു നാലുന്നടിയിൽ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. യമുനയുടെ യാത്രാച്ചെലവുകളടക്കമുള്ളവ ഇൻകാസ് ഒമാൻ ഭാരവാഹികൾ വഹിച്ചു.
നിരവധിയാളുകളാണ് ഇത്തരം കബളിപ്പിക്കലുകൾക്ക് ഇരയായി ഇവിടെയെത്തുന്നതെന്നും തൊഴിലന്വേഷകർ പ്രത്യേകിച്ചും സ്ത്രീകൾ വളരെ ജാഗ്രത പാലിക്കണമെന്നും തൊഴിൽ കരാറുമായി ബന്ധപ്പെട്ട രേഖകൾ നിയമപരമാണെന്ന് ഉറപ്പാക്കണമെന്നും ഇൻകാസ് ഒമാൻ വൈസ് പ്രസിഡന്റ് നിയാസ് ചെണ്ടയാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.