സുഹാർ-അബൂദബി റെയിൽവേ: 57.7 കോടി റിയാലിന്റെ കരാർ
text_fieldsമസ്കത്ത്: ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിന്റെ നിർമാണങ്ങൾക്ക് കരുത്തുപകർന്ന് സാമ്പത്തിക കരാറുകളിൽ ഒപ്പുവെച്ചു. അബൂദബിയിൽ നടക്കുന്ന ഗ്ലോബൽ റെയിൽ എക്സിബിഷന്റെ ആദ്യ ദിനത്തിൽ 57.7 കോടി റിയാലിന്റെ കരാറിലാണ് ഹഫീത് റെയിൽ അധികൃതർ എത്തിയത്.
പ്രാദേശിക, അന്തർദേശീയ ബാങ്കുകൾക്ക് പുറമെ ഒമാനി, ഇമാറാത്തി ബാങ്കുകളിൽ നിന്നാണ് ഇത്രയും ധനസഹായം. ഇത്തിഹാദ് റെയിൽ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ രക്ഷാകർതൃത്വത്തിലായിരുന്ന കരാർ ഒപ്പിട്ടത്.
ഹഫീത് റെയിലിനായുള്ള സാമ്പത്തിക കരാറുകളിൽ ഔദ്യോഗികമായി ഒപ്പുവെച്ചതിലൂടെ ഒരു പ്രധാന നാഴികക്കല്ലാണ് കൈവരിച്ചതെന്നും മേഖലയിലെ ലോജിസ്റ്റിക്സ് രംഗത്ത് വരുത്തുന്ന മാറ്റത്തിലേക്ക് ഒരുപടികൂടി അടുത്തെന്നും കമ്പനി വ്യക്തമാക്കി..
അതേസമയം, ഹഫീത് റെയിലിന്റ നിർമാണ ഒരുക്കങ്ങൾ അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്. പ്രദേശത്തിന്റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് പദ്ധതി. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളുമുണ്ടാകും.
പാലത്തിന് ചിലത് 34 മീറ്റർ ഉയരമുണ്ടാകും. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും കാലാവസ്ഥാ സാഹചര്യങ്ങളും പരിഗണിച്ച് വളരെ തന്ത്രപരമായി തയാറാക്കിയതാണ് റെയിൽവേ ശൃംഖല.
ഏറ്റവും നൂതന സാങ്കേതിക വിദ്യകളായിരുക്കും നിർമാണത്തിനായി ഉപയോഗിക്കുക. അത്യാധുനിക റെയിൽ ശൃംഖല വിവിധ വ്യാവസായിക മേഖലകളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കും.
ഇരു രാജ്യങ്ങൾക്കുമിടയിൽ എളുപ്പവും വേഗത്തിലുള്ളതുമായ യാത്ര സുഗമമാക്കുന്നതിലൂടെ ടൂറിസം വ്യവസായത്തിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്യും. സുഹാറിലും അൽ ഐനിലും പാസഞ്ചർ സ്റ്റേഷനുകളും ബുറൈമി, സുഹാർ, അൽ ഐൻ എന്നിവിടങ്ങളിൽ ചരക്ക് സ്റ്റേഷനുകളുമുണ്ടാകും.
ഒരു ട്രെയിൻ യാത്രയിൽ 25,000 ടണ്ണിലധികം സാധാരണ ചരക്കോ അല്ലെങ്കിൽ 270 ലധികം സ്റ്റാൻഡേർഡ് കണ്ടെയ്നറുകളോ കയറ്റി അയക്കാൻ സാധിക്കും. മറ്റു ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് ഇതിലൂടെ കാർബൺ ബഹിർഗമനം 10 മടങ്ങ് കുറക്കാമെന്നും പദ്ധതിയിലൂടെ വൻ സാമ്പത്തിക ലാഭമുണ്ടാക്കാൻ സാധിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ചരക്ക് ഗതാഗത രീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും.
റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നതിലും കുറവുവരും. രണ്ട് രാജ്യങ്ങളിലെയും അഞ്ച് പ്രധാന തുറമുഖങ്ങളെയും നിരവധി വ്യാവസായിക, സ്വതന്ത്ര മേഖലകളെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പരമ്പരാഗത കര ഗതാഗത രീതികളെ അപേക്ഷിച്ച് ഷിപ്പിങ് ചെലവിൽ 40 ശതമാനത്തിന്റെ കുറവു വരുത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
യാത്രാ സമയങ്ങളിൽ 50 ശതമാനത്തിലേറെ ലാഭിക്കാനുകമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മാറ്റം കാറുകളുടെയും ട്രക്കുകളുടെയും റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറക്കുക മാത്രമല്ല, കൂടുതൽ സുസ്ഥിരമായ ഷിപ്പിങ് രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
യു.എ.ഇ-ഒമാൻ ഉന്നതതല യോഗത്തിൽ റെയിൽ പദ്ധതിക്കു വേണ്ടി ഇത്തിഹാദ് റെയിൽ, മുബദാല, ഒമാനി അസ്യാദ് ഗ്രൂപ് കമ്പനി എന്നിവയുടെ ഓഹരി പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ഒരു ടീമായി പ്രവർത്തിക്കാൻ കമ്പനികൾ ധാരണയിൽ ഒപ്പുവെച്ചിട്ടുമുണ്ട്.
ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 300 കി.മീറ്റർ ദൂരത്തിലുള്ള റെയിൽ ശൃംഖല നിർമ്മിക്കുന്നതിന് 2022ൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ഒമാൻ സന്ദർശന വേളയിൽ കരാർ ഒപ്പിട്ടിരുന്നു.
മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകൾ അബൂദബിയെയും ഒമാനിലെ സുഹാറിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമിക്കുക. ഈ പാതയിൽ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കി.മീറ്റർ വേഗതയിൽ വരെ സഞ്ചരിക്കും.
പാസഞ്ചർ ട്രെയിനുകൾ സുഹാറിനും അബൂദബിക്കുമിടയിൽ 100 മിനിറ്റിലും സുഹാറിനും അൽഐനുമിടയിൽ 47 മിനിറ്റിലും എത്തിച്ചേരും. പദ്ധതി പൂർത്തീകരിച്ചാൽ മേഖലയിൽ ചരക്ക്, യാത്രാ രംഗത്ത് വലിയ മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.