സുഹാർ ഫെസ്റ്റിവലിന് തുടക്കം; ലോകകപ്പ് മത്സരം കാണാൻ കൂറ്റൻ സ്ക്രീൻ ഒരുങ്ങി ,ഗാലറിയും
text_fieldsസുഹാർ: ദേശീയദിനത്തോടനുബന്ധിച്ചുള്ള സുഹാർ ഫെസ്റ്റിവലിൽ ലോകകപ്പ് മത്സരം പ്രദർശിപ്പിക്കാനായി കൂറ്റൻ സ്ക്രീനും ഗാലറിയും ഒരുക്കി.
സുഹാർ സനായ ഇൻഡസ്ട്രിയൽ ഏരിയ റോഡിലെ അമ്യുസ്മെന്റ് സെന്ററിലാണ് ബിഗ് സ്ക്രീൻ ഒരുക്കിയത്. 24 മീറ്റർ വീതിയും ഒമ്പതു മീറ്റർ ഉയരവുമുള്ള കൂറ്റൻ സ്ക്രീനാണ് നിർമിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണെന്ന് അധികൃതർ അറിയിച്ചു. നിരവധിപേർക്ക് ഇരിക്കാവുന്ന ആധുനിക ഇരിപ്പിടവും ഗാലറിയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം വലിയ ജനാവലിയെ സാക്ഷിനിർത്തി സ്ക്രീനിൽ വർണാഭമായ ഉദ്ഘാടന പരിപാടി അരങ്ങേറി.
സ്വദേശികളും വിദേശികളുമായി വൻ ജനാവലിയാണ് പരിപാടി വീക്ഷിക്കാനെത്തിയത്. പാർക്കിലേക്കുള്ള പ്രവേശനം ജനബാഹുല്യം കൊണ്ട് തടസ്സപ്പെട്ടു. വലിയ ശബ്ദ സജ്ജീകരണവും വെളിച്ച സംവിധാനവും പ്രേക്ഷകർക്ക് നവ്യാനുഭവം സമ്മാനിക്കുന്നതാണ്. ഒരു മാസം നീണ്ടുനിൽക്കുന്ന ഫുട്ബാൾ മത്സരം വലിയ സ്ക്രീനിൽ കാണാനാവുമെന്നത് സ്വദേശികൾക്കും പ്രവാസികൾക്കും വളരെ സന്തോഷം നൽകുന്നതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഗാലറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവലിന്റെ ഭാഗമായി സുഹാറും പരിസരവും ദീപാലങ്കാരം കൊണ്ട് ഉത്സവപ്രതീതിയിലാണ്. നല്ല കാലാവസ്ഥയും ആളുകളെ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. സുഹാർ ഫെസ്റ്റിവൽ ഒരുമാസം നീണ്ടുനിൽക്കും. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഒയാസിസ് മാളിലടക്കം നിരവധി വൈവിധ്യമാർന്ന പരിപാടികൾ നടക്കുന്നുണ്ട്.
ഗവർണറേറ്റിലെ എല്ലാ വിലായത്തുകളുടെയും പങ്കാളിത്തത്തോടെ ദേശീയ, സാംസ്കാരിക, കല, സാമൂഹിക, സാമ്പത്തിക, കായിക പരിപാടികൾ അരങ്ങേറും. സുഹാർ എന്റർടെയ്ൻമെന്റ് സെന്ററാണ് ഫെസ്റ്റിവലിന്റെ മുഖ്യ വേദി. അതേസമയം, ഇതനോടനുബന്ധിച്ചുള്ള വിവിധങ്ങളായ പരിപാടികൾ ഗവർണറേറ്റിൽ നടക്കും. ഗവർണറേറ്റിലെ സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കലും സംരംഭകർ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾ തുടങ്ങിയവർക്ക് തൊഴിൽ ഇടങ്ങൾ സൃഷ്ടിക്കുകയുമാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.