സുഹാർ ഫെസ്റ്റിവൽ: സന്ദർശകരായെത്തിയത് നാലുലക്ഷത്തിലധികം ആളുകൾ
text_fieldsസുഹാർ: സുഹാർ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിൽ സന്ദർശകരായെത്തിയത് നാല് ലക്ഷത്തിലധികം ആളുകൾ. ഒമാനി പൈതൃകവും കലകളും പാരമ്പര്യങ്ങളും ആഘോഷിക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ നവംബർ 19 മുതൽ ജനുവരി നാലുവരെയായിരുന്നു ഫെസ്റ്റിവൽ നടന്നിരുന്നത്.
രാജ്യത്തെ പ്രധാന സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സുഹാറിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തെ എടുത്തുകാട്ടുന്നതായിരുന്നു ഫെസ്റ്റിവൽ. പരിപാടിയുടെ വിജയത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ വടക്കൻ ബാത്തിന ഗവർണറും ഫെസ്റ്റിവലിന്റെ പ്രധാന കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് സുലൈമാൻ അൽ കിന്ദി, ഒരു ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ വടക്കൻ ബാത്തിനയുടെ ഉയർന്നുവരുന്ന പദവി അടിവരയിടുന്നതായിരുന്നതായിരുന്നു പരിപാടിയെന്നും അദേഹം പറഞ്ഞു.
നാല് ലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്തതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇത് പൈതൃകം, സംസ്കാരം, വിനോദം, കായികം, വിനോദസഞ്ചാരം എന്നിവയിൽ പൊതുജനങ്ങളുടെ വർധിച്ചുവരുന്ന താൽപര്യമാണ് പ്രകടമാക്കുന്നത്. എല്ലാ ആളുകൾക്കും ആസ്വാദിക്കാവുന്ന തരത്തിലായിരുന്നു പരിപാടികൾ ഒരുക്കിയിരുന്നതെന്നും അദേഹം പറഞ്ഞു.
ഒമാന്റെ സമ്പന്നമായ നാഗരികതയും പൈതൃകവും ഉയർത്തിക്കാട്ടുന്ന കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാൻ സുഹാർ ആഗ്രഹിക്കുന്നുവെന്നും സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ, സ്പോൺസർ ചെയ്യുന്ന കമ്പനികൾ, ഫെസ്റ്റിവലിനെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
45 ദിവസം നീണ്ടുനിന്ന ഉത്സവത്തിൽ പരമ്പരാഗത കലാപരിപാടികൾ, കരകൗശല ശിൽപശാലകൾ, കവിതാസായാഹ്നങ്ങൾ എന്നിവയും ജനപ്രിയ പ്രാദേശിക ഗെയിമുകൾ ഉൾപ്പെടെയുള്ള കായിക മത്സരങ്ങളും ഒട്ടകവും കുതിരപ്പന്തയവും നടത്തിയിരുന്നു.
കൂടാതെ, ഗൾഫ് കപ്പ് മത്സരങ്ങളും മറ്റു പ്രധാന ഫുട്ബാൾ മത്സരങ്ങളും പ്രദർശിപ്പിക്കുന്നതിന് ഭീമൻ സ്ക്രീനും സജ്ജീകരിച്ചിരുന്നു. ഇത് കായിക പ്രേമികൾക്ക് ആവേശകരമായ അുഭവമാണ് പ്രദാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.