സുഹാർ സൂഖ് ഉണരുന്നു: വഴിവാണിഭങ്ങളും സജീവം
text_fieldsസുഹാർ: കോവിഡ് നിയന്ത്രണങ്ങൾ പതിയെ പിൻവലിച്ചതോടെ സുഹാർ സൂഖ് ഉണരുന്നു. കോവിഡിന് മുമ്പ് പരിസര വിലായത്തുകളിൽ നിന്ന് സാധനം വാങ്ങാൻ നിരവധി ആളുകൾ വാരാന്ത്യങ്ങളിൽ സുഹാറിൽ എത്തുമായിരുന്നു. അത്ര ആളുകൾ ഇപ്പോൾ എത്തുന്നില്ലെങ്കിലും ശരാശരി കഴിഞ്ഞുപോകാനുള്ള കച്ചവടം നടക്കുന്നുണ്ടെന്നു കച്ചവടക്കാർ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾ കർക്കശമാക്കിയ സമയത്ത് കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നതോടെ കച്ചവടക്കാരുടെ നില പരുങ്ങലിലായിരുന്നു.
പലരും ആ കറുത്ത പരീക്ഷണ ദിനങ്ങളെ ഓർക്കാൻ തയാറാവുന്നില്ല. കോവിഡ് നിയന്ത്രണത്തിൽ ഭാഗിക ഇളവ് വരുത്തിയതോടെ കച്ചവടം പുത്തനുണർവിലേക്ക് പതിയെ മാറുകയാണെന്ന് 37 വർഷമായി സൂക്കിൽ കച്ചവടം ചെയ്യുന്ന തലശ്ശേരി സ്വദേശി മഷൂദ് പറയുന്നു. പഴയകാലങ്ങളിൽ പരിസരപ്രദേശങ്ങളിൽ നിന്നെത്തുന്നവരെ കൊണ്ട് സൂഖും പരിസരവും നിബിഡമാകുമായിരുന്നു.
സ്വർണം വാങ്ങാനും നാട്ടിലേക്ക് പണമയക്കാനും ഫോട്ടോ എടുക്കാനും സിനിമ കാണാനും സൗഹാർദം പുതുക്കാനുമൊക്കെ എത്തുന്ന വിദേശികളെക്കൊണ്ട് വീർപ്പുമുട്ടുന്ന അവസ്ഥയായിരുന്നെന്ന് മഷൂദ് ഓർത്തെടുക്കുന്നു. ബംഗാളി ഗല്ലികളും മലയാളി പാകിസ്താൻ ഗല്ലികളും ഉണ്ടായിരുന്നു പഴയ കാലത്ത്. തുറമുഖവും അനുബന്ധ വ്യവസായ വാണിജ്യ മേഖലയുമൊക്കെയായി തൊട്ടടുത്ത പ്രദേശമായ ഫലജ് ഉയർന്നുവന്നപ്പോൾ വലിയ മാളുകളും മറ്റു കച്ചവട സ്ഥാപനങ്ങളും അവിടെയും വന്നതാകാം പഴയ തള്ളിച്ച ഇല്ലാതെയാകാൻ കാരണമെന്നും ഇദ്ദേഹം പറയുന്നു.
മുവാസലാത്ത് ബസ് സർവിസ് തുടങ്ങിയതിന് ശേഷം സൂഖിൽ കുറച്ച് ഉണർവ് ദൃശ്യമായിരുന്നു. ചെറിയ ശമ്പളത്തിന് ജോലിചെയ്യുന്ന സാധാരണക്കാർക്ക് അനുഗ്രഹമായ ബസ് സർവിസ് ഇപ്പോൾ നിർത്തിവെച്ചിരിക്കയാണ്. ടാക്സിയിൽ കയറി സൂഖിലേക്ക് വരാൻ ചെലവേറിയതും പഴയ തിരക്കില്ലാത്തതിന് കാരണമായിരിക്കുമെന്ന് സൂഖിലെ മറ്റൊരു വ്യാപാരിയായ തളിപ്പറമ്പ് സ്വദേശി യൂസുഫ് പറയുന്നു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇന്ത്യക്കാരും ബംഗ്ലാദേശികളും പാകിസ്താനികളുമടക്കം നൂറുകണക്കിന് ആളുകൾ സുഹാർ മേഖലയിൽനിന്ന് നാട്ടിലേക്കു പോകാൻ തയാറായി നിൽക്കുന്നുണ്ട്. വിമാന ടിക്കറ്റ് നിരക്ക് എല്ലാ രാജ്യങ്ങളിലേക്കും ഇപ്പോൾ കൂടുതലാണ്. കോവിഡ് കാലയളവിൽ യാത്ര മാറ്റിവെച്ചവർ യാത്രക്ക് തയാറെടുക്കുന്നതും കച്ചവടം ചെറുതായി വർധിക്കാൻ കാരണമായി.
വിശ്വാസ്യതയും ഉൽപന്നങ്ങളെക്കുറിച്ച് വ്യക്തമായ വിവരണങ്ങൾ നൽകിയും ഉപയോഗിക്കേണ്ട രീതികളും പറഞ്ഞുകൊടുത്തുള്ള കച്ചവടമായതിൽ സൂഖിൽ വന്നു സാധനങ്ങൾ വാങ്ങുക എന്നത് ചിലർക്ക് പാരമ്പര്യമായി തുടരുന്ന ചര്യതന്നെയാണ്. കച്ചവടക്കാർ തമ്മിൽ സഹകരിച്ചുള്ള കച്ചവടമാണ് ഇവിടങ്ങളിൽ കാണുന്നത്. സ്വദേശി വനിതകളുടെ വഴിവാണിഭ കച്ചവടവും മറു സൈഡിൽ നടക്കുന്നുണ്ട്. ഊദും മറ്റു പാരമ്പര്യ ഉൽപന്നങ്ങളും വിൽപനക്ക് വെച്ച് സജീവമാകുന്ന സൂക്ക് പതിയെ പഴയ ആരവങ്ങളിലേക്ക് തിരികെ നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.