പുതിയ തൊഴിൽനിയമത്തിന് സുൽത്താൻ അംഗീകാരം നൽകി; ജോലിസമയം ഇനി എട്ട് മണിക്കൂർ
text_fieldsമസ്കത്ത്: വിദേശികൾക്കും സ്വദേശികൾക്കും ഏറെ പ്രയോജനം ചെയ്യുന്ന പുതിയ തൊഴിൽനിയമത്തിന് സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി. തൊഴിലാളിക്ഷേമവും ഭാവിയിലെ വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കാനും മികച്ച തൊഴിലന്തരീക്ഷമൊരുക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ നിയമം. തൊഴിൽനിയമങ്ങൾ, തൊഴിൽക്കരാറുകൾ, തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള ബാധ്യതകൾ തുടങ്ങിയ തൊഴിൽസംബന്ധമായ എല്ലാ വിഷയങ്ങളും പത്ത് ഖണ്ഡികകളിലായി പ്രതിപാദിക്കുന്നുണ്ട്. തൊഴിൽസമയം, ലീവ് അലവൻസ്, ശമ്പളം, യുവാക്കളുടെ തൊഴിൽ, ആരോഗ്യസുരക്ഷാ മാനദന്ധങ്ങൾ പാലിക്കൽ തുടങ്ങിയവയും നിയമത്തിൽ വിശദീകരിക്കുന്നുണ്ട്.
തൊഴിൽസംബന്ധമായ തർക്കങ്ങളും മറ്റും പരിഹരിക്കാൻ ജനറൽ ട്രേഡ് യൂനിയൻ ശക്തിപ്പെടുത്തലും പുതിയ നിയമത്തിലുണ്ട്. എട്ട് മണിക്കൂറായിരിക്കും ഇനി ജോലിസമയം. വിശ്രമവേള ഉള്‍പ്പെടാതെയാണിത്. നവജാതശിശു ജനിച്ചാല്‍ പുരുഷന്മാര്ക്ക് ഏഴ് ദിവസത്തെ പാറ്റേണിറ്റി ലീവ് ലഭിക്കും. രോഗിക്ക് കൂട്ടിരിക്കാന്‍ 15 ദിവസത്തെ രോഗീപരിചരണ ലീവും ലഭിക്കും. സമരങ്ങളെ തുടര്‍ന്നുള്ള സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ തൊഴിലാളികളോ പ്രതിനിധികളോ തര്‍ക്കപരിഹാരത്തിനായി അനുരഞ്ജനസമിതിയെ അറിയിക്കണം.
സ്ത്രീകൾക്ക് വിവിധ ആനുകൂല്യങ്ങൾ
പുതിയനിയമം ജോലിചെയ്യുന്ന സ്ത്രീകൾക്ക് നിരവധി ആനുകൂല്യങ്ങൾ വ്യവസ്ഥചെയ്യുന്നുണ്ട്. കുട്ടികളുടെ പരിപാലനത്തിന് ദിവസവും ഒരുമണിക്കൂറും 98 ദിവസം പ്രസവ അവധിയും നൽകണം. കുട്ടികളുടെ പരിപാലനത്തിന് ആവശ്യമായി വന്നാൽ ഒരുവർഷംവരെ ശമ്പളമില്ലാത്ത അവധിയും ലഭിക്കും. 25ൽ കൂടുതൽ സ്ത്രീകൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ സ്ത്രീകൾക്കായി പ്രത്യേക വിശ്രമസ്ഥലവും തൊഴിലുടമ ഒരുക്കിയിരിക്കണം.
തൊഴിലുടമക്ക് നിരവധി മുൻഗണനകൾ
തൊഴിലുടമക്ക് നിരവധി മുൻഗണനകൾ പുതിയനിയമം നൽകുന്നുണ്ട്. ഉടമക്ക് തൊഴിലാളിയെ മറ്റൊരു ഉടമക്ക് കീഴിൽ താൽക്കാലികമായി ജോലിചെയ്യാൻ അനുവാദം കൊടുക്കാം. ഇതിന് തൊഴില്‍മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതുവഴി പുതിയ തൊഴിലാളിയെ നിയമിക്കുന്നതിനാവശ്യാമായ ചെലവ് ചുരുക്കാനാവും. സ്ഥാപനത്തിന് ആവശ്യമായ തൊഴിൽമികവിൽ ഉയരാൻ കഴിഞ്ഞില്ലെങ്കിൽ തൊഴിലാളിയെ പിരിച്ചുവിടാൻ അധികാരമുണ്ട്.
എന്നാൽ, തൊഴിലാളിക്ക് ഏത് മേഖലയിലാണ് പോരായ്മയുള്ളതെന്ന് വ്യക്തമാക്കി കൊടുക്കുകയും അത് പരിഹരിക്കാൻ ആറ് മാസം സമയം നൽകുകയും വേണം. തൊഴിലാളികൾക്കിടയിൽ മത്സരബുദ്ധി വർധിപ്പിക്കാൻ തൊഴിലാളികളുടെ ഉൽപാദനക്ഷമതയനുസരിച്ച് സ്ഥാനക്കയറ്റങ്ങളും നടത്തണം.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി അതേ തസ്തികകളിൽ യോഗ്യരായ സ്വദേശികളുണ്ടെങ്കിൽ വിദേശികളെ പിരിച്ചുവിടാവുന്നതാണ്. രോഗ (സിക്ക്) ലീവുകളുടെ എണ്ണം പുതിയ നിയമത്തിൽ വർധിപ്പിച്ചിട്ടുണ്ട്.
രാത്രി ജോലിചെയ്യാൻ പ്രയാസമുണ്ടെങ്കിൽ പകൽ ഷിഫ്റ്റിലേക്ക് മാറാം
തൊഴിലാളികൾക്ക് ജോലിചെയ്യാൻ പറ്റിയ സാഹചര്യം തൊഴിലുടമ ഒരുക്കിക്കൊടുക്കണം. തൊഴിലാളി ആവശ്യപ്പെടുകയാണെങ്കിൽ ശമ്പളമില്ലാത്ത സ്പെഷൽ ലീവുകൾ നൽകണം. രാത്രികാല ഷിഫ്റ്റിൽ ജോലിചെയ്യാൻ പ്രയാസമുണ്ടെങ്കിൽ പകൽ ഷിഫ്റ്റിലേക്ക് മാറ്റിക്കൊടുക്കണം. തൊഴിലാളികളുടെ മികച്ച സേവനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള അവസരം നൽകണം. എല്ലാ തൊഴിൽമേഖലകളിലും ജീവനക്കാർക്ക് തൊഴിലിന് അനുകൂലസാഹചര്യം ഒരുക്കണം. ഇത് തൊഴിൽമേഖല ശക്തിപ്പെടുത്താൻ സഹായകമാവും.
ഓരോ ജോലിക്കും അനുയോജ്യമായ തൊഴിൽസാഹചര്യമാണ് തൊഴിലുടമ ഒരുക്കേണ്ടത്. തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് താൽക്കാലികമായി അയക്കാൻ തൊഴിൽനിയമം അംഗീകാരം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.