എണ്ണവിലയിലെ അധിക വരുമാനം വികസനത്തിനായി ഉപയോഗിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിക്
text_fieldsമസ്കത്ത്: ഉയർന്ന എണ്ണവില വരുമാനത്തിന്റെ ഫലമായുണ്ടാകുന്ന മിച്ചം രാജ്യത്തിന്റെ കടങ്ങൾ തീർക്കുന്നതിനും വികസനത്തിനുമായി ഉപയോഗിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിക് പറഞ്ഞു. കഴിഞ്ഞ ദിവസം ബൈത്ത് ബഹ്ജത്ത് അൽ അന്ധറിൽ വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി എന്നിവിടങ്ങളിലെ ശൈഖുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. എണ്ണയുടെയും ഊർജത്തിന്റെയും വില റെക്കോർഡ് സംഖ്യകളിലേക്ക് ഉയരുന്നത് ഒമാനെ സംബന്ധിച്ചിടത്തോളം സുഖകരമായ സാഹചര്യമാണ്. അതേസമയം, ചരക്കുകളുടെയും സാധനങ്ങളുടെയും വിലയും ഉയരുന്നുണ്ട്. രാജ്യത്തെ അടിസ്ഥാന വസ്തുക്കളുടെ വില നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെന്നും സുൽത്താൻ പറഞ്ഞു.
കുറഞ്ഞ കാലയളവിനുള്ളിൽ കടങ്ങൾ വീട്ടുകയാണ് സർക്കാറിന്റെ ലക്ഷ്യം. രാജ്യത്തിന്റെ മൊത്തത്തിലുള്ള ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാറും പൗരന്മാരും തമ്മിലുള്ള പരസ്പര പ്രവർത്തനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സുൽത്താൻ പരാമർശിച്ചു. തൊഴിൽ വിസ നിരക്ക് കുറച്ചത് സ്വകാര്യ മേഖലയെ സഹായിക്കാനാണ്.
ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനായി നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ വികസന പദ്ധതികൾക്കും തുടക്കം കുറിച്ചു. വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി എന്നീ ഗവർണറേറ്റുകളിൽ നടന്നുകൊണ്ടിരിക്കുന്നതും ഭാവി പദ്ധതികളെ കുറിച്ചും വിശകലനം ചെയ്തു.
യോഗത്തിൽ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുമാനി, ആഭ്യന്തര മന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഗവർണറേറ്റുകളിലെ വാലിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.